തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ കളറിംഗ് മത്സരങ്ങളിലൊന്നായ ദീപിക-ഡിസിഎൽ കളർ ഇന്ത്യ സീസൺ - 5 മത്സരത്തിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹാർദത്തിന്റെയും നിറക്കൂട്ടുചാർത്തി സ്പെഷൽസ് കൂൾ കുട്ടികളും. ജില്ലയിലെ 15 സ്പെഷൽ സ്കൂളുകളിൽനിന്നും 500 ഓളം വിദ്യാർഥികൾ "ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത' എന്ന സന്ദേശത്തിനു വർണംചാർത്തി കളർ ഇന്ത്യയ് ക്കും കേരളത്തിനും പ്രചോദനമായി മാറി. ഭിന്നശേഷി വിഭാഗത്തിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന സ്പെഷൽ സ്കൂളിലെ കുട്ടികളാണ് കാൻവാസിൽ വർണംചാർത്തി "നാംഒരു കുടുംബം' എന്ന സന്ദേശം പകർന്നത്.
വെല്ലുവിളികൾ നേരിട്ടിട്ടും സ്നേഹത്തിന്റെ കാൻവാസിൽ അവർ വരച്ചുചേർത്ത നിറങ്ങൾ രാജ്യത്തിന്റെ ഐക്യ ത്തിനും സഹോദര്യത്തിനും ലഹരിക്കെതിരേയുള്ള പോരാട്ടത്തിനുമുള്ള പടവാളുകളായി മാറുകയായിരുന്നു. അവരുടെകുഞ്ഞിളം കൈകളിൽ ഒതുങ്ങിയ കളർപെൻസിലുകൾ ചലിച്ചതു നാം ഒരു കുടുംബവും നമ്മൾ സഹോദരങ്ങളാണെന്നു വിളിച്ചോതാനായിരുന്നു. എത്ര ഹൃദ്യമായിരുന്നു അവരുടെ പുഞ്ചിരി, അതിലേറെ നിറമുണ്ടായിരുന്നു അവരുടെ വരങ്ങൾക്കും. അവർ ബുദ്ധികൊണ്ടല്ല, സ്നേഹത്തിന്റെ പെൻസിലിലാണ്, സാഹോദര്യത്തിന്റെ കാൻവാസിലാണ് നിറക്കൂട്ട് ഒരുക്കിയത്.
രാജ്യത്തിന്റെ എൺപതാം സ്വാതന്ത്യദിനാഘോഷവും ദീപികയുടെ 140-ാം വാർഷികവും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ച് "ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത' എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് മത്സരം നടക്കുന്നത്. പതിനാലുലക്ഷത്തോളം വിദ്യാർഥികളിലും അവരുടെ കുടുംബങ്ങളിലും ഇന്ത്യയുടെ നിറം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹാർദത്തിന്റെയും നിറക്കൂട്ടാണ് എന്ന സന്ദേശമാണ് പകരുന്നത്.
തിട്ടമംഗലം സീഡ് സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ തങ്കമണി ടീച്ചറുടെയും വഴുതക്കാട് റോട്ടറി സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ ബീന ടീച്ചറു ടെയും നേതൃത്വത്തിലാണ് കുട്ടികൾ രംഗത്തിറങ്ങിയത്.
Tags : nattu vishesham Special school students create