പാലാ: അല്‍ഫോന്‍സ കോളജില്‍ ലോകകപ്പ് ഫുട്ബോളിന്റെ ആവേശമുള്‍ക്കൊണ്ട് സമര്‍ഥ കോളജ് യൂണിയന്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കായിക-സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായി അഖില കേരള ഫുട്ബോള്‍ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം നടത്തും.
നാളെ രാവിലെ പത്തിന് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിൽ യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. കായിക ഉത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ എംഎല്‍എമാരായ മാണി സി. കാപ്പന്, രമേഷ് പിഷാരടി, കോളജ് മാനേജര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ഇതോടൊപ്പം അല്‍ഫോന്‍സ കോളജിലെ വിദ്യാര്ഥ്നികള്ക്കായി വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ തമ്മില്‍ മാറ്റുരയ്ക്കുന്ന ഇന്റര്‍ ഡിപ്പാര്‍ട്ട്മെന്റ് ഫുട്ബോള്‍ മത്സരങ്ങളും നടക്കും. വിദ്യാര്‍ഥിനികള്‍ തങ്ങള്‍ പിന്തുണയ്ക്കുന്ന ഫുട്ബോള്‍ ടീമിന്റെ ജഴ്സി ധരിച്ചെത്തുന്ന ജഴ്സി ഡേ, വിദ്യാര്‍ഥിനികള്‍ അണിയിച്ചൊരുക്കുന്ന വിവിധ കലാ-സാംസ്കാരിക പ്രകടനങ്ങള്‍ എന്നിവയും ഈ പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളാണെന്ന് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മിനിമോള്‍ മാത്യു, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മഞ്ജു, ബര്സാര്മാരായ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. ഡോ. കുര്യാക്കോസ് വടക്കേതകിടിയേല്‍ എന്നിവര്‍ അറിയിച്ചു. ഫോൺ: 8078049204, 9497494578.