ശ്രീകുമാർ
പറവൂർ: ജോലിക്കിടെ ഷോക്കേറ്റ് രണ്ടു മാസത്തിലധികമായി അബോധവാസ്ഥയിൽ കഴിയുന്ന ഇലക്ട്രീഷ്യൻ സുമനസുകളുടെ സഹായം തേടുന്നു. പറവൂർ കുമാരമംഗലം പറവൂത്തറ തുരുത്തുമ്മൽ പരേതനായ ഹേമചന്ദ്രന്റെ മകൻ എച്ച്. ശ്രീകുമാറിനാണ് (49) കഴിഞ്ഞ ജൂലൈ ആറിന് മാഞ്ഞാലിയിലെ വീട്ടിൽ ഇലക്ട്രിക്കൽ ജോലിക്കിടെ ഷോക്കേറ്റത്. അതീവഗുരുതരാവസ്ഥയിൽ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശ്രുപത്രിയിലും പിന്നീട് എറണാകുളം ലിസി ആശുപത്രിയിലും ചികിത്സയിലായിരുന്നു.
അബോധാവസ്ഥയിൽ തുടരുന്ന ശ്രീകുമാർ ഇപ്പോൾ ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അമ്മയും ഭാര്യയും ഒരു മകനുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമാണ് ശ്രീകുമാർ. രണ്ട് വർഷം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം ഏതാനും മാസം മുമ്പാണ് ജോലിക്ക് പോയി തുടങ്ങിയത്. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. രണ്ട് മാസത്തിനുള്ളിൽ ചികിത്സയ്ക്ക് ലക്ഷങ്ങൾ ചെലവായി.
അബോധാവസ്ഥയിൽ തുടരുന്ന ശ്രീകുമാറിന് വിദഗ്ധ ചികിത്സയും ദീർഘനാളത്തെ ആശുപത്രിവാസവും വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന കുടുംബത്തെ സഹായിക്കുന്നതിനായി ചികിത്സക്കായി സഹായ സമിതി രൂപീകരിച്ചു.
ഭാര്യ സൗമ്യമോൾ, വാർഡ് കൗൺസിലർ എന്നിവരുടെ പേരിൽ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 40548101066748. ഐ.എഫ്.എസ്.സി കോഡ്: KLGB0040548, കേരള ഗ്രാമീണ ബാങ്ക് നോർത്ത് പറവൂർ ശാഖ. ഫോൺ: 9048342780.