പ്രതീകാത്മക ചിത്രം
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജംഗ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി 20 മുതൽ 31 വരെ കർശന ഗതാഗത നിയന്ത്രണങ്ങളും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തി. ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് പോലീസിന്റെ നടപടി. എമർജൻസി വാഹനങ്ങൾ ഒഴികെയുള്ളവയ്ക്ക് പാർക്കിംഗ് അനുവദിക്കില്ല. നിർദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ ലോക്ക് ചെയ്യുകയോ ക്രെയിൻ ഉപയോഗിച്ച് മാറ്റി ഉടമയിൽ നിന്ന് തുക ഈടാക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
പ്രധാന നിയന്ത്രണങ്ങൾ:
• പാർക്കിംഗ് നിരോധനം: ബസ് സ്റ്റോപ്പുകൾ, ജംഗ്ഷനുകൾ, വളവുകൾ, ഫുട്പാത്തുകൾ എന്നിവിടങ്ങളിൽ പാർക്കിംഗ് പൂർണമായും നിരോധിച്ചു. വ്യാപാരികൾ സ്ഥാപനങ്ങൾക്കു മുന്നിൽ വാഹനങ്ങൾ ഗതാഗത തടസമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഫുട്പാത്തിലൂടെ ഓടിക്കുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും.
• വലിയ വാഹനങ്ങൾക്ക് നിരോധനം: രാവിലെ എട്ട് മുതൽ രാത്രി 11 വരെ വലിയ വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനമില്ല.
• പാളയം-പൂന്താനം ജംഗ്ഷൻ: രാവിലെ എട്ട് മുതൽ രാത്രി 10 വരെ യാതൊരുവിധ പാർക്കിങ്ങോ കച്ചവടങ്ങളോ അനുവദിക്കില്ല. മാർക്കറ്റിലേക്ക് ലോറികൾക്ക് കയറാനും ഇറങ്ങാനും അനുമതിയുണ്ടാകില്ല
• ഇന്റർ സ്റ്റേറ്റ് ബസുകൾ: പൂന്താനം ഭാഗത്ത് രാത്രി സർവീസ് നടത്തുന്ന ഇന്റർ സ്റ്റേറ്റ് ബസുകളിൽ വൈകുന്നേരം അഞ്ചിന് ശേഷം ഒരേ സമയം രണ്ട് ബസുകൾ മാത്രമേ പാർക്ക് ചെയ്യാവൂ. ആളുകളെ കയറ്റുന്നതും ഇറക്കുന്നതും നിശ്ചിത കേന്ദ്രങ്ങളിൽ മാത്രമായിരിക്കണം.
• ബസുകൾക്കും ഓട്ടോകൾക്കും നിയന്ത്രണം: ബസുകൾ നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം റോഡരികിലേക്ക് ചേർത്ത് നിർത്തി ആളുകളെ കയറ്റണം. ഓട്ടോറിക്ഷകൾ അനുവദിച്ച സ്റ്റാന്റുകളിൽ മാത്രമേ നിർത്തിയിടാവൂ. മാവൂർ റോഡ് പുതിയ സ്റ്റാൻഡ് ബസ് ബേയ്ക്ക് മുൻവശവും കെഎസ്ആർടിസി സ്റ്റാൻഡിന് എതിർവശവും ഓട്ടോകൾ നിർത്തിയിടാൻ പാടില്ല.
• സ്ട്രീറ്റ് വെൻഡിംഗ്: ലൈസൻസുള്ള തട്ടുകടകളും ഉന്തുവണ്ടികളും അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രം പ്രവർത്തിക്കണം. അനധികൃത കച്ചവടങ്ങൾക്കെതിരേ കർശന നടപടിയുണ്ടാകും.