പറവൂർ: നഗരത്തിൽ കാറിടിച്ച് വിദ്യാർഥിനിക്ക് പരിക്കേറ്റു.വിദ്യാർഥിനിയെ ഇടിച്ചിട്ടശേഷം നിർത്താതെ പോയ കാറിനെ ടാക്സി ഡ്രൈവർമാർ പിന്തുടർന്ന് പിടികൂടി. കാർ ഓടിച്ചിരുന്ന പെരുമ്പടന്ന പാക്കുന്നത്ത് വീട്ടിൽ വിജയ്ശങ്കറെ തടഞ്ഞുവച്ച് പോലീസിലേൽപ്പിച്ചു. ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഇന്നലെ ഉച്ചയ്ക്ക് 12ന് പറവൂർ പിഡബ്ള്യുഡി റസ്റ്റ്ഹൗസിന് മുന്നിലായിരുന്നു സംഭവം.
നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന മൂത്തകുന്നം സ്വദേശിനിയായ വിദ്യാർഥിനിക്കാണ് അപകടത്തിൽ പരിക്കേറ്റത്. കാർ അലക്ഷ്യമായും നിയന്ത്രണം വിട്ടും വരുന്നത് കണ്ട് വിദ്യാർഥിനി റോഡരികിലേക്ക് പരമാവധി ഒതുങ്ങിയെങ്കിലും കാറിന്റെ ഇടതുവശത്തെ കണ്ണാടി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ കുട്ടി വീഴുന്നത് കണ്ടെങ്കിലും ഡ്രൈവർ കാർ നിർത്താതെ കടന്നുകളഞ്ഞു.
കുട്ടിയെ ഇടിച്ചിട്ടശേഷം ഇയാൾ മറ്റു വാഹനങ്ങളിലും ഇടിക്കേണ്ടതായിരുന്നു. അവർ വെട്ടിച്ച് മാറ്റിയതിനാൽ അപകടമുണ്ടായില്ല. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി വിജയ് ശങ്കറെ കസ്റ്റഡിയിലെടുത്തു.ബന്ധുക്കളെത്തി കുട്ടിയെ താലൂക്ക് ഗവ. ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് വിജയ് ശങ്കറിനെതിരെ കേസെടുത്തു.
Tags : Local News Nattuvishesham Ernakulam