തൃശൂർ: കാൻസർ അടക്കമുള്ള രോഗങ്ങൾ കണ്ടെത്താനും ചികിത്സിച്ചു രോഗശാന്തിയേകാനും ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ഗവേഷണകേന്ദ്രങ്ങളിൽ നടക്കുന്ന ഗവേഷണങ്ങൾ വൈദ്യശാസ്ത്രത്തിനു വലിയ പ്രതീക്ഷ പകരുന്നതാണെന്ന് പ്രശസ്ത കാൻസർ ചികിൽസാ വിദഗ്ധൻ ഡോ.വി.പി. ഗംഗാധരൻ.
പുകവലിയും മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ഡിഎൻഎയിൽ മാറ്റമുണ്ടാക്കുമെന്നും കോശങ്ങളെ രോഗാവസ്ഥയിലാക്കുമെന്നും ഡോ. ഗംഗാധരൻ ചൂണ്ടിക്കാട്ടി.
ശ്വാസകോശ അർബുദത്തിന് 80 ശതമാനം കാരണവും പുകയിലയും പുകവലിയുമാണ്. പ്രതിരോധശേഷിയുള്ള കോശങ്ങളെ വളർത്താനുള്ള ശേഷിയെ ലഹരി തളർത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ വിദ്യാർഥികൾക്ക് വൈദ്യശാസ്ത്രത്തിലും ഗവേഷണത്തിലും അഭിരുചി വളർത്താൻ ജൂബിലി മിഷൻ ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ആശുപത്രിയിലെ ഗവേഷണവിഭാഗം ഒരുക്കിയ കാച്ച് ദെം യംഗ് പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
50 സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറിലേറെ വിദ്യാർഥികളും അവരുടെ അധ്യാപകരും രക്ഷിതാക്കളുമാണ് പരിപാടിയിൽ പങ്കെടുത്തത്. ജൂബിലി മിഷൻ ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന രാജ്യാന്തര പ്രാധാന്യമുള്ള ഗവേഷണങ്ങളെ വിദ്യാർഥികൾക്കു പരിചയപ്പെടുത്തി.
വാതരോഗമുണ്ടാക്കുന്ന രണ്ടു പ്രോട്ടീനുകളെ കണ്ടെത്തിയതും മാസം തികയുംമുന്പേ ജനിക്കുന്ന കുഞ്ഞുങ്ങൾക്കു പൊക്കിൾക്കൊടി സംരക്ഷണമേകുന്നതും ഓണാട്ടുകര എള്ളെണ്ണയുടെ സവിശേഷതയും അടക്കമുള്ള ഒരു ഡസനിലേറെ ഗവേഷണനേട്ടങ്ങൾ ലോകത്തിനു സമ്മാനിച്ച ജൂബിലി ഗവേഷണ കേന്ദ്രത്തിന്റെ ലബോറട്ടറി സന്ദർശനം വിദ്യാർഥികൾക്കു വിസ്മയക്കാഴ്ചയായി.
ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ, പ്രിൻസിപ്പൽ ഡോ.എം.എ. ആൻഡ്രൂസ്, മെഡിക്കൽ റിസർച്ച് ഡയറക്ടർ ഡോ.ഡി.എം. വാസുദേവൻ, റിസേർച്ച് കോ-ഓർഡിനേറ്ററും പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മിറ്റി ജനറൽ കണ്വീനറുമായ ഡോ.പി.ആർ. വർഗീസ്, ഡോ. കുമുദം എം. ഉണ്ണി എന്നിവർ പ്രസംഗിച്ചു.
ഡോ. വിനോദ്കുമാർ, ഡോ. പ്രസാദ് അലക്സ്, ഡിന്പിൾ റീഷൻ എന്നിവർ ക്ലാസ് നയിച്ചു.
Tags : Nattuvishesham District News