വിരമിച്ച അധ്യാപകരെ വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചപ്പോൾ.
കടമ്മനിട്ട: കടമ്മനിട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകദിനാചരണത്തിന്റെ ഭാഗമായി നടന്ന ഗുരുവഴി എന്ന പരിപാടിയിലൂടെ സ്കൂളിലെ പൂര്‍വാധ്യാപകരായ 15 പേരെ വീട്ടിലെത്തി കുട്ടികള്‍ ആദരിച്ചു.കടമ്മനിട്ട സര്‍ക്കാര്‍ വിദ്യാലയത്തിലെ ഏറ്റവും മുതിര്‍ന്ന അധ്യാപികയായ 98 വയസുള്ള കാട്ടുകല്ലില്‍ ലക്ഷ്മിക്കുട്ടിയമ്മ, മുന്‍ പ്രിന്‍സിപ്പാള്‍ എം.ടി. ഏലിയാമ്മ, സംഗീതാധ്യാപികയായിരുന്ന ജയമോള്‍ കോശി, പ്രഥമാധ്യാപകരായിരുന്ന യോഹന്നാൻ, ലീലാമ്മ, വിമലാദേവി, ദിവാകരപ്പണിക്കർ, ഒ.സി. മറിയാമ്മ, പൊന്നമ്മ, ഗ്രന്ഥകാരനും പാവനാടകകലാകാരനുമായ എം.എം. ജോസഫ് മേക്കൊഴൂര്‍ തുടങ്ങിയ ഗുരുശ്രേഷ്ഠരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അധ്യാപനത്തിന്റെ സുവര്ണസ്മൃതികള് ചോദിച്ചറിയുകയും ചെയ്തു.
അധ്യാപകരെ ആദരിക്കുക എന്നതിലുപരിയായി കടമ്മനിട്ട ഗ്രാമത്തിന്റെ നാട്ടുചരിത്രവും ഭൂമിശാസ്ത്രവും തിരിച്ചറിയാനുളള യാത്ര കൂടിയായിരുന്നു ഗുരുവഴി. പൂര്‍വാധ്യാപകരുടെ ഓര്‍മ്മകളില്‍ നിറയുന്ന ഭൂതകാലത്തിന്റെ ഉപ്പും മധുരവും കുട്ടികള്‍ക്കു കൗതുകമായി.
സ്കൂള്‍ പ്രഥമാധ്യാപിക ആർ. ശ്രീലത ഗുരുവഴി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുത്ത 30 ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ഗുരുവഴിയുടെ ഭാഗമായി. സ്കൂള്‍ വികസനസമിതി അംഗം ബിജു മലയിൽ, അധ്യാപകരായ പ്രസന്നകുമാര്‍, ലിനി കൃഷ്ണന്, രഘു, അഖില്‍, മിനി, സിജി, ശ്രീലക്ഷ്മി, താര എന്നിവര്‍ സംബന്ധിച്ചു.
Tags : NattuVishasham DistrictNews