ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ എഴുതിയ കത്ത് അമ്പലപ്പുഴ ഡിവൈഎസ്പി പി. ജ്യോതികുമാർ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യുന്നു.
എടത്വ: ലഹരിക്കെതിരായ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്ന സ്നേഹപൂര്‍വം നന്മയ്ക്ക് ലഹരിവിരുദ്ധ കാമ്പയിന് എടത്വായില്‍ തുടക്കമായി.
ചങ്ങനാശേരി അതിരൂപതയുടെ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ നേതൃത്വത്തില്‍, സര്‍ക്കാരിന്റെ ഓപ്പറേഷന് തൂഫാന് പദ്ധതിയോട് സഹകരിച്ചാണ് കാമ്പയിന്.
കോര്‍പറേറ്റ് മാനേജ്മെന്റിന് കീഴിലെ 66 സ്കൂളുകളിലെ 23,000 വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ കത്തുകള്‍ പരസ്പരം അയയ്ക്കുന്ന പദ്ധതിയുടെ ഭാഗമായി, എടത്വായിലെ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സെന്റ് അലോഷ്യസ് ബോയ്സ് ഹൈസ്കൂള്‍, സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ 1,500 ഓളം വിദ്യാര്‍ഥികള്‍ കത്തുകളെഴുതി.
സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി ഹാളില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് കളരിക്കല്‍ അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.
ആദ്യ കത്ത് ഫാ. ജോസഫ് കളരിക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന് ജോസഫിന് കൈമാറി.
എടത്വ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയമ്മ ജോര്‍ജ്, വാര്‍ഡ് മെംബര്‍ ജയചന്ദ്രന്, പ്രിന്‍സിപ്പല്‍ പിന്റു ഡി. കളരിപ്പറമ്പില്‍, ഹെഡ്മാസ്റ്റര് ജസ്റ്റിന് വി. ജോസഫ്, ഹെഡ്മിസ്ട്രസ് പ്രിയ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
തപാല്‍ വകുപ്പ് പ്രതിനിധിയും പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ലഹരിവിരുദ്ധ ഫ്ലാഷ് മോബും മൈമും അരങ്ങേറി.
മങ്കൊമ്പ്: പഴയകാലത്തെ ആശയവിനിമയ ഉപാധിയായ ഇൻലൻഡുകൾ ഒരു ദിവസം കൂടി ക്യാമ്പസുകൾ ഏറ്റെടുത്തു. ലഹരി എന്ന മാരക വിപത്തിൽ നിന്ന് അകന്നു നിൽക്കുവാൻ കൂട്ടുകാരെഓർമപ്പെടുത്തിക്കൊണ്ട് ഇൻലൻഡുകളിൽ അവർ കത്തുകൾ എഴുതി.
ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറ് സംഘടിപ്പിച്ച സ്നേഹപൂർവം നന്മയിലേക്ക് കത്തെഴുത്ത് ഉത്സവത്തിന്റെ ഭാഗമായി ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് വിവിധ സ്കൂളുകളിലെ കുട്ടികൾക്ക് കത്തുകളെഴുതിയത്.
ലഹരിയുടെ മാരകവിപത്തും അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടതിന്റെ ആവശ്യകതയും കത്തുകളിൽ കുട്ടികൾ വിവരിച്ചു. ചമ്പക്കുളം പോസ്റ്റ് ഓഫീസ് അധികൃതർ സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച പോസ്റ്റൽ ബോക്സിൽ കുട്ടികൾ തങ്ങൾ എഴുതിയ കത്തുകൾ നിക്ഷേപിച്ചു.
രാവിലെ സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ കത്തിന്റെ പകർപ്പ് ഏറ്റുവാങ്ങി അമ്പലപ്പുഴ ഡിവൈഎസ്പി പി. ജ്യോതികുമാർ കത്തെഴുത്ത് ഉത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിബിച്ചൻ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പോസ്റ്റ് മിസ്ട്രസ് എസ്. ആശ കത്തുകൾ ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് സാജു ആന്റണി, നെടുമുടി എസ്എച്ച്ഒ ജി. ബൈജു, ബാബു വർഗീസ്, റൂബി ജോസ്, റോസി സേവ്യർ എന്നിവർ പ്രസംഗിച്ചു.
മങ്കൊമ്പ്: ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റ് ഓഫ് സ്കൂൾസിന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയായ തൂഫാൻ സ്നേഹപൂർവം നന്മയ്ക്ക് എന്ന പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം കൈനടി എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
സ്കൂൾ പ്രിൻസിപ്പൽ സിൽജോ സി. കണ്ടത്തിൽ പ്രതീകാത്മക കത്തെഴുതി സ്കൂൾ മാനേജർ ഫാ. തോമസ് കമ്പയിലിന് കൈമാറി. വിദ്യാർഥികൾ തങ്ങൾ എഴുതിയ കത്ത് പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ചു. ഹെഡ്മിസ്ട്രസ് ലിജി മാത്യു, പോസ്റ്റ് മിസ്ട്രസ് കെ.എസ്. സ്മിത, പിടിഎ പ്രസിഡന്റ് കെ.ജെ. ജോസഫുകുട്ടി എന്നിവർ പ്രസംഗിച്ചു.
മങ്കൊമ്പ് : മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി തൂഫാൻ കത്തെഴുത്ത് പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എൻ. വിശ്വംഭരൻ പരിപാടിയുടെ ഉദ്ഘാടനവും പ്രതീകാത്മക കത്ത് പ്രകാശനവും നിർവ്വഹിച്ചു.
അസി.സ്കൂൾ മാനേജർ ഫാ. അജോ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസി.പോസ്റ്റൽ സൂപ്രണ്ട് എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്തംഗം ടി.പി.വിനോദൻ, ഹെഡ്മാസ്റ്റർ എം.കെ. തോമസ്, പി.ടി.എ പ്രസിഡന്റ് ലവ്ലേഷ്, ഹയർസെക്കൻഡറി അധ്യാപിക ജോസിമ വിദ്യാർഥി ആൻ റോണി എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews