നിലന്പൂർ: സപ്ലൈകോ ചതിച്ചു. നെല്ല് എടുക്കാൻ ആളില്ല. വണ്ടൂർ, ചാലിയാർ പഞ്ചായത്തുകളിലായി കെട്ടിക്കിടന്ന് നശിക്കുന്നത് 50 ടണ്ണിലേറെ നെല്ല്. മുഖ്യമന്ത്രി, കൃഷി മന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നെൽ കർഷകർ. സപ്ലൈകോയിൽ രജിസ്റ്റർ ചെയ്ത് അവരുടെ അനുമതിയോടെ കൃഷി ചെയ്ത നെല്ലാണ് കർഷകരിൽ നിന്ന് സംഭരിക്കാതെ കിടന്ന് നശിക്കുന്നതെന്ന് പരന്പരാഗത നെൽ കർഷകനായ എരഞ്ഞിമങ്ങാട് സ്വദേശി ആലുങ്ങത്തിൽ സലാം പറയുന്നു. സപ്ലൈകോയെ വിശ്വസിച്ചാണ് ഏഴേക്കർ സ്ഥലത്ത് സലാം നെൽകൃഷി ചെയ്തത്. നല്ല വിളവും ലഭിച്ചു.
55 കിലോയുടെ 170 ചാക്കുകളിലായി നിറച്ച നെല്ലാണ് മൈലാടി റോഡരികിൽ കിടന്ന് നശിക്കുന്നത്. ടാർപായകൾ കൊണ്ട് മൂടിയാണ് നെല്ല് സൂക്ഷിച്ചിരിക്കുന്നതെങ്കിലും എലികൾ ചാക്കുകൾ കീറി നെല്ല് നശിപ്പിക്കുകയാണ്. മന്ത്രിമാരായ പി.കെ. ബഷീർ, എ.പി.അനിൽകുമാർ, നിലന്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് എന്നിവരെ നേരിൽ കണ്ട് കാര്യങ്ങൾ പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കാം എന്ന മറുപടിയല്ലാതെ ഒന്നും ഉണ്ടായില്ല. മൂന്ന് മാസമായി നെല്ല് വിൽക്കാൻ കഴിയാതെ നശിക്കുകയാണ്. കർഷകരുടെ വോട്ട് വേണം. പക്ഷേ കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാൻ ആർക്കും സമയമില്ല.
സപ്ലെകോയുടെ സമ്മതതോടെ വയിറ്റ് ഗ്രേയിൽ സീറോ 55 നെല്ലാണ് കൃഷി ചെയതത്. സപ്ലൈകോ നെല്ല് മില്ലുകൾക്ക് കൊടുക്കാൻ പറയുന്നു. മില്ലുകൾ വെള്ളയരിയുടെ നെല്ല് വേണ്ടെന്ന് പറയുന്നു. കർഷകർ എന്തു ചെയ്യും.? ബാങ്ക് വായ്പ എടുത്താണ് കൃഷിയിറക്കിയത്.
പാട്ട തുകയായ 55000 രൂപ പോലും കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും സലാം പറഞ്ഞു. ഈവിധം മുന്നോട്ടു പോവുകയാണെങ്കിൽ നെൽകൃഷി ഉപേക്ഷിക്കേണ്ടിവരുമെന്നും നെൽകർഷകൻ സലാം പറയുന്നു.
Tags : nattu vishesham Supplyco cheated tons of rice was