വൈദ്യുത പോസ്റ്റിലും മതിലിലും ഇടിച്ച ടോറസ് ലോറി.
ഇലന്തൂർ: ടികെ റോഡിൽ കാരൂർ എംടിഎൽപി സ്കൂളിനു മുന്പിൽ നിയന്ത്രണംവിട്ട ടോറസ് ലോറി മൂന്ന് വൈദ്യുതപോസ്റ്റുകളും മതിലും തകർത്തു.
കഴിഞ്ഞ രാത്രി കോഴഞ്ചേരിയിൽനിന്ന് പത്തനംതിട്ടയ്ക്കു വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ എതിർദിശയിലേക്കു തെന്നിമാറിയാണ് ലോറി 11 കെവി വൈദ്യുത പോസ്റ്റിൽ ഇടിച്ചത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നു പറയുന്നു. ഡ്രൈവർക്ക് നിസാര പരിക്കേറ്റു. അപകടത്തേത്തുടർന്ന് വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനാൽ നാശനഷ്ടങ്ങൾ ഒഴിവായി.
ഇന്നലെ പകൽ മുഴുവൻ നീണ്ടുനിന്ന പ്രവർത്തനത്തിലൂടെയാണ് കെഎസ്ഇബി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്.
ക്രെയിന്റെകൂടി സഹായത്തോടെയാണ് ലോറി മാറ്റി വൈദ്യുത പോസ്റ്റുകൾ പുതിയത് സ്ഥാപിച്ചത്. ഇതേത്തുടർന്ന് ടികെ റോഡിൽ പാലച്ചുവടിനും ഇലന്തൂരിനും മധ്യേ ഗതാഗതവും കുരുങ്ങി.