കൂത്താട്ടുകുളം പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലേക്കുള്ള പ്രധാന പാതയായ ടിബി റോഡ് തകർന്ന നിലയിൽ.
കൂത്താട്ടുകുളം: കൂത്താട്ടുകുളം പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസിലേക്കുള്ള പ്രധാന പാതയായ ടിബി റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ദിവസേന നൂറുകണക്കിന് ആളുകളും വാഹനങ്ങളും കടന്നുപോകുന്ന ഈ റോഡ് പൂര്‍ണമായും അവഗണനയിലായതോടെ യാത്രക്കാര്‍ കടുത്ത ദുരിതത്തിലാണ്.
കൂത്താട്ടുകുളം ഗവ. യുപി സ്കൂളും പിഡബ്ല്യുഡി ബില്‍ഡിംഗ് വിഭാഗം ഓഫീസും സ്ഥിതി ചെയ്യുന്നത് ഇതേ റോഡിലാണ്. അതുകൊണ്ടുതന്നെ ദിവസേന നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഈ വഴിയിലൂടെ കടന്നുപോകുന്നത്. റോഡിലെ ടാറിംഗ് പൂര്‍ണമായും ഇളകിമാറി വലിയ തോതിലുള്ള കുഴികളാണ് പലയിടത്തും രൂപപ്പെട്ടിരിക്കുന്നത്. മഴ കനത്തതോടെ ഈ കുഴികളില്‍ വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഇതോടി വാഹനാപകടങ്ങളും പതിവായി.
കോട്ടയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് കൂത്താട്ടുകുളം ടൗണിലെ വലിയ തിരക്കില്‍പ്പെടാതെ എറണാകുളം ഭാഗത്തേക്ക് എളുപ്പത്തില്‍ കടന്നുപോകാന്‍ സാധിക്കുന്ന സമാന്തര പാത കൂടിയാണിത്. സ്വന്തം ഓഫീസിലേക്കുള്ള വഴിയിലെ കുഴിയടയ്ക്കാന്‍ പോലും പൊതുമരാമത്ത് തയാറാകാത്തതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാണ്.
മഴ ഇനിയും ശക്തമാകുന്നതോടെ റോഡിന്റെ അവസ്ഥ കൂടുതല്‍ മോശമാകാനാണ് സാധ്യത. വിദ്യാര്‍ഥികളുടെയും യാത്രക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തി തകര്‍ന്നുകിടക്കുന്ന ടിബി റോഡില്‍ അടിയന്തരമായി പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും പ്രധാന ആവശ്യം.
Tags : Local News Nattuvishesham Ernakulam