ഫോര്‍ട്ടുകൊച്ചി വാട്ടര്‍ മെട്രോ സ്റ്റേഷനില്‍ സ്ഥാപിച്ച പൂച്ച വിമാനം.
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്, എബിസി ആര്‍ട്ട് റൂം പ്രോഗ്രാമിന്റെ വേദികളിലൊന്നായ ഫോര്‍ട്ടുകൊച്ചി വാട്ടര്‍ മെട്രോ സ്റ്റേഷനില്‍ പൂച്ചവിമാനം (ദി ക്യാറ്റ് ഫ്ളൈറ്റ്) എന്ന ശില്പം സ്ഥാപിച്ചു.
കൊച്ചി മുസിരിസ് ബിനാലെ 2025 - 26ന്റെ ഭാഗമായി എബിസി ആര്‍ട്ട്റൂം സംഘടിപ്പിച്ച പൊതു ശില്പശാലയിലാണ്, ടെക്സ്റ്റൈല്‍ ആര്‍ട്ടിസ്റ്റ് റാഷി ആര്‍ട് റൂം ടീമിന്റെ സഹായത്തോടുകൂടി ഫെസിലിറ്റേറ്റ് ചെയ്ത് ഈ വലിയ മൃദുശില്പം നിര്‍മിച്ചത്.
ശില്പത്തിന്റെ ഉള്‍ഭാഗത്തുള്ള ലോഹഘടന വെല്‍ഡ് ചെയ്ത് തയാറാക്കിയത് കലാകാരന്മാരായ അര്ജുന് എസ്. ശശികുമാറും ഗോവിന്ദ് രാജാമണിയുമാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച പഴയ വസ്ത്രങ്ങള്‍ ഉപയോഗിച്ചാണ് പൂച്ചയുടെ പുറംഭാഗം നിര്‍മിച്ചിരിക്കുന്നത്. ശില്പശാല നടന്ന മൂന്ന് ദിവസങ്ങളിലായി എബിസി സന്ദര്‍ശിച്ചവരാണ് ഈ വസ്ത്രങ്ങള്‍ ഘടനയില്‍ പതിപ്പിച്ചത്.
ഇന്സ്റ്റലേഷന് പ്രക്രിയയില്‍ ജോണ്സണ്, വസന്ത്, മണി, തവം, രാജേഷ്, കുമാര്‍ തുടങ്ങിയ തൊഴിലാളികളും പങ്കാളികളായി. ബിനാലെ കാലത്ത് ആര്‍ട്ട് റൂമിന്റെ മേല്‍ക്കൂരയിലാണ് ഈ ശില്പം ആദ്യം സ്ഥാപിച്ചിരുന്നത്.
ഇന്ത്യയില്‍ കല, സംസ്കാരം, വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കാനായി സ്ഥാപിച്ച ലാഭേച്ഛയില്ലാത്ത ചാരിറ്റബിള്‍ ട്രസ്റ്റായ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പ്രധാന സംരംഭമാണ് എബിസി (ആര്‍ട് ബൈ ചില്‍ഡ്രന്‍) പ്രോഗ്രാം. ഗവേഷണാധിഷ്ഠിത കലാവിദ്യാഭ്യാസ പദ്ധതിയായി വിഭാവനം ചെയ്ത എബിസി, കുട്ടികള്‍, മുതിര്‍ന്നവര്‍, കൂട്ടായ്മകള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അധ്യാപകര്‍ എന്നിവരുമായി സര്‍ഗാത്മക പഠനപ്രക്രിയകളിലൂടെ ഇടപഴകുകയും സംവദിക്കുകയും ചെയ്യുന്നു.
പങ്കാളികളെ കലാകാരന്മാരാക്കി മാറ്റുക എന്നതിനു പകരം കലയും ഭാവനയും സഹകരണവും തഴച്ചുവളരാന്‍ കഴിയുന്ന ഇടങ്ങള്‍ പരിപോഷിപ്പിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
എബിസി ആര്‍ട്ട് റൂം പദ്ധതിക്ക് പ്രോഗ്രാം ലീഡായി ബ്ലെയ്സ് ജോസഫും പ്രോഗ്രാം അസോസിയേറ്റായി കെ.എസ്. നീതുവും നേതൃത്വം നല്കുന്നു.