അഡ്മിനിട്രേറ്റീവ് ഓഫീസർ എസ്. വിമൽ കുമാറിന് കൈമാറുന്നു
വൈക്കം: മഹാദേവ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമിയുടെ മുന്നോടിയായി നടത്തുന്ന സന്ധ്യവേലകൾക്ക് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുടക്കമായി. ഒരു ദേശീയോത്സവത്തിന്റെ മിഴിവോടെ 12 ദിനരാത്രങ്ങൾ നീളുന്ന അഷ്ടമി ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങുകളുടെഭാഗമായ രണ്ടു സന്ധ്യവേലകളിൽ 17ന് തുടങ്ങുന്ന പുള്ളി സന്ധ്യവേലയുടെ കോപ്പ് തൂക്കലാണ് ഇന്നലെ നടന്നത്. 17ന് തുടങ്ങി 23 വരെ ഒന്നിടവിട്ട നാല് ദിവസങ്ങളിലായാണ് പുള്ളി സന്ധ്യവേല നടക്കുന്നത്. ദേവസ്വം അധികൃതർ ക്ഷേത്ര ചടങ്ങുകൾക്കായി മംഗളവസ്തുക്കൾ തൂക്കി കാര്യക്കാരന് കൈമാറുന്ന ചടങ്ങാണ് കോപ്പ് തൂക്കൽ.
ഇന്നലെ രാവിലെ 8.45നും 10.45നും മധ്യേ കലവറയിൽ ദീപം തെളിച്ച് വിഗ്നേശ്വരനെ സങ്കൽപിച്ച് തൂശനിലയിൽ പൂവൻപഴം സമർപ്പിച്ച ശേഷമാണ് കോപ്പുതൂക്കൽ നടന്നത്. ആദ്യം മഞ്ഞളും തുടർന്ന് ചന്ദനവും ത്രാസിൽ തൂക്കി ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ഇന്ദുകുമാരി, അസിസ്റ്റൻ്റ് കമ്മീഷണർ എസ് അഭിലാഷ് എന്നിവർ അഡ്മിനിട്രേറ്റീവ് ഓഫീസർ എസ്.വിമൽ കുമാറിന് കൈമാറി. ഇതോടെ അഷ്ടമി ഉത്സവ ചടങ്ങുകൾക്ക് പ്രാരംഭംകുറിച്ചു. രാവിലെയും വൈകുന്നേരവും ആനപ്പുറത്ത് ശ്രീബലി, മണ്ഡപത്തിൽ വാരമിരിക്കൽ, അഭിഷേകം, പ്രാതൽ, വിളക്ക് ചടങ്ങുകളാണ് പ്രധാനമായി ഈ ദിവസങ്ങളിൽ നടക്കുന്നത്. നവംബർ 20 ന് അഷ്ടമി ഉത്സവത്തിന് കൊടിയേറും. ഡിസംബർ ഒന്നിനാണ് ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി.
Tags : devotion NattuVishesham DistrictNews