മലപ്പുറം: ജില്ലയിലെ നിരത്തുകളിൽ ടിപ്പർ ലോറികളുടെ അതിവേഗ പാച്ചിൽ. യാതൊരു നിയന്ത്രണവുമില്ലാതെയാണ് പലയിടങ്ങളിലും ഇത്തരം ലോറികൾ ചീറിപ്പായുന്നത്. അതുകൊണ്ടുതന്നെ അപകടങ്ങൾ സംഭവിക്കാത്ത ദിനങ്ങളില്ല.
കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇരച്ചു കയറി മൂന്നു പേർ മരിച്ച സംഭവത്തിന്റെ പശ്ചാലത്തിൽ ജില്ലയിലെ സ്ഥിതിയും വിഭിന്നമല്ല. രാവിലെയും വൈകുന്നേരവും ഒന്നര മണിക്കൂർ വീതം ടിപ്പർ അടക്കമുള്ള ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിരത്തുകളിൽ നിയന്ത്രണമുണ്ടെങ്കിലും ജില്ലയിൽ അതൊന്നും കാര്യക്ഷമമല്ല.
വിദ്യാർഥികൾ രാവിലെ സ്കൂളിലേക്കു പോകുന്ന സമയത്തും മറ്റും ടിപ്പർ ലോറികൾ തലങ്ങും വിലങ്ങും പോകുന്നത് നിത്യസംഭവമാണ്. ജില്ലയിൽ രാവിലെ 8.30 മുതൽ പത്തുവരെയും ഉച്ചയ്ക്കുശേഷം 3.30മുതൽ വൈകുന്നേരം അഞ്ചുവരെയുമാണ് ടിപ്പർ അടക്കമുള്ള ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണമുള്ളത്.
അധ്യയന വർഷ ആരംഭത്തിൽ ജൂണ് ഒന്നിനാണ് ഇത് ബാധകമാക്കിയിരിക്കുന്നത്. അതേസമയം റോഡിലുള്ള ഇത്തരം വാഹനങ്ങൾ നിർത്തിയിടണമെന്നാണ് നിർദേശം.
അതുപോലെ ചെറിയ ടിപ്പർ ലോറികളിൽ കെട്ടിട നിർമാണത്തൊഴിലാളികൾക്കൊപ്പം മണ്ണുമാന്തിയന്ത്രവും കയറ്റി രാവിലെ തൊഴിലിടങ്ങളിലേക്ക് പോകുന്ന കാഴ്ചയും പതിവാണ്. പോലീസിന്റെ മുന്നിലൂടെയാണ് പലപ്പോഴും ഇത്തരം യാത്ര.
എന്നാൽ നടപടിയില്ല. ചെങ്കല്ലും മണ്ണും കയറ്റിയ ടിപ്പർ ലോറികൾ അവ മൂടിവയ്ക്കാതെ യഥേഷ്ടം കടന്നുപോകുന്നു. അനിയന്ത്രിതമായ ടിപ്പർ ലോറികളുടെ ഓട്ടത്തിൽ ഒട്ടേറെ ജീവഹാനിയും അപകടവും നിരത്തുകളിൽ സംഭവിച്ചിട്ടുണ്ട്.
കെഎൻജി റോഡ് അപകടമേഖല
കെഎൻജി റോഡിന്റെ വടപുറം മുതൽ ചുങ്കത്തറ എടമല വളവ് വരെ അപകട മേഖലയിൽ. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ. റോഡിന്റെ ഈ ഭാഗത്തെ ഗതാഗതക്കുരുക്കും വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങൾക്ക് കാരണമാകുന്നു. ചരക്കുലോറികൾ, ടിപ്പർ ലോറികൾ, സ്വകാര്യബസുകൾ, മറ്റു വാഹനങ്ങൾ എന്നിവയുടെ അമിത വേഗതയും അപകടങ്ങളുടെ എണ്ണം വർധിപ്പിക്കുകയാണ്.
എടമലവളവ്, മുട്ടിക്കടവ്, പൂച്ചക്കുത്ത്, വെളിയംതോട്, കനോലി പ്ലോട്ട് ഭാഗങ്ങളിലെല്ലാം അപകടങ്ങൾ ആവർത്തിക്കുന്നു. ഇവിടങ്ങളിൽ യാത്രക്കാർ സീബ്രാ ലൈനുകളിലൂടെ റോഡ് മുറിച്ചുകടക്കുന്പോഴും വാഹനങ്ങൾ നിർത്താതെ അതിവേഗത്തിൽ വരുന്നു. കഴിഞ്ഞ 13ന് രാവിലെ സീബ്രാ ലൈൻ മുറിച്ചുകടന്ന് മസ്ജിദിലേക്ക് പ്രാർഥനയ്ക്കായി പോകുന്പാഴാണ അമിത വേഗത്തിൽ വന്ന പച്ചക്കറി ലോറി ചെറുവത്തുകുന്നിലെ കറളിങ്കാട്ടിൽ മജീദിനെ (67) ഇടിച്ചത്.
ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ രക്ഷിക്കാനായില്ല. നിലന്പൂരിൽ അപകട മരണങ്ങൾ ആവർത്തിക്കുന്പോഴും മോട്ടോർ വാഹനവകുപ്പിന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ നടപടിയില്ല.
വണ്ടൂർ-കാളികാവ് റോഡിൽ അപകടക്കെണി
വണ്ടൂർ -കാളികാവ് റോഡിൽ ആശുപത്രിക്ക് മുൻവശത്തെ സീബ്രാ ലൈനുകൾ അപകടക്കെണി ഒരുക്കുന്നു. വേഗത്തിൽ എത്തുന്ന വാഹനങ്ങൾ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നവരെ കണ്ട് നിർത്താത്തതാണ് ഭീഷണിയാകുന്നത്. പലപ്പോഴും ആളുകൾ അപകടത്തിൽപ്പെടാതെ കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. ആശുപത്രിയിലേക്ക് പോകുന്നവർ, നഴ്സിംഗ് കോളജിലേക്കുള്ള വിദ്യാർഥിനികൾ എന്നിവരാണ് പ്രധാനമായും സീബ്ര ലൈനിനെ ആശ്രയിക്കുന്നത്.
ആളുകൾ സീബ്രാ ലൈൻ മുറിച്ചുകടക്കുന്പോൾ ഇതുവഴി വരുന്ന വാഹനങ്ങൾ വേഗത കുറയ്ക്കുകയോ നിർത്തുകയോ ചെയ്യുന്നില്ല. പകരം വെട്ടിച്ച് കടന്നുപോവുകയാണ് ചെയ്യുന്നത്. ഇക്കാരണത്താൽ ഇവിടെ അപകടങ്ങളും പതിവാണ്. കാളികാവ് ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി അടക്കമുള്ള ബസുകൾ ഈ സീബ്രാ ലൈനിൽ നിർത്തിയാണ് ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. ഇറക്കവും വളവും ചേർന്ന ഭാഗമായതിനാൽ വലിയൊരു ദുരന്തത്തിന് ഇത് കാരണമായേക്കാം.
സീബ്രാലൈനിൽ കച്ചവടം
തിരക്കേറിയ കിഴക്കേത്തല ബസ് സ്റ്റാൻഡിന് സമീപം സീബ്രാലൈനിൽ വഴിമുടക്കി പല ദിവസങ്ങളിലും പഴവർഗങ്ങളും പെർഫ്യൂം കച്ചവടവും നടത്തുന്നത് യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നു.
സ്കൂൾ സമയങ്ങളിൽ സീബ്രാലൈൻ വഴി റോഡ് മുറിച്ചുകടക്കുന്നത് വിദ്യാർഥികളടക്കമുള്ളവരെ തടസപ്പെടുത്തുന്നുണ്ട്. ടൗണിലെ ഫുട്പാത്തുകൾ പല വ്യാപാരികളും കൈയടക്കി കച്ചവടം പൊടിപൊടിക്കുന്നുണ്ട്.
ജനങ്ങളുടെ ബുദ്ധിമുട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയാലും പ്രയോജനം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പോലീസ് സംവിധാനങ്ങളും ടൗണിൽ പ്രവർത്തിക്കുന്നില്ലെന്നുള്ള ആക്ഷേപവും ശക്തമാണ്.
പലപ്പോഴും സ്കൂൾ സമയങ്ങളിൽ ടൗണിലൂടെ ടിപ്പർ ലോറികളുടെ മത്സര ഓട്ടം ജനങ്ങളെ ഭയപ്പെടുത്തുന്നു. കരുവാരകുണ്ട് ചീനിപ്പാടത്ത് വാഹനങ്ങളുടെ അമിതവേഗതയിൽ അപകടം തുടർക്കഥയാണ്. ഏതാനും മാസങ്ങൾക്കു മുന്പ് അപകടത്തിൽ ഒരു വിദ്യാർഥി മരിക്കുകയും ചെയ്തു. മലയോരപാതയുടെ അശാസ്ത്രീയ നിർമാണമാണ് ഇവിടെ അപകടം തുർക്കഥയകുന്നത്.
സുരക്ഷാസംവിധാനം ഇല്ല
തിരക്കേറിയ കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാതയോരത്തെ സെമി ഹന്പുകൾ തിരിച്ചറിയാൻ മുന്നറിയിപ്പ് ബോർഡുകളോ മറ്റു സുരക്ഷാ സംവിധാനമോ ഇല്ല. ചങ്ങരംകുളം മുതൽ വളയംകുളം വരെയുള്ള മൂന്ന് കിലോമീറ്റർ റോഡിലാണ് അപകടങ്ങൾ കുറയ്ക്കുന്നതിന് വർഷങ്ങൾക്ക് മുന്പ് സെമി ഹന്പുകൾ സ്ഥാപിച്ചത്. രാത്രിയിൽ എത്തുന്ന ദീർഘദൂര വാഹനങ്ങളും ഇതരസംസ്ഥാനത്ത് നിന്നെത്തുന്ന ചരക്കുലോറികൾ അടക്കമുള്ള വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവാണ്.
ശബരിമല, ഗുരുവായൂർ അടക്കമുള്ള ആരാധനാലയങ്ങളിലേക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങളും മിക്ക ദിവസങ്ങളിലും ഈ പാതയിൽ അപകടത്തിൽ പെടുന്നു.
സെമിഹന്പ് തിരിച്ചറിയാൻ കഴിയാതെ പെട്ടെന്ന് വാഹനങ്ങൾ ബ്രേക്കിടുകയും അതോടെ പിറകിൽ വാഹനങ്ങൾ ഇടിക്കുന്നതും പതിവാണ്.
അപകടത്തിൽപ്പെടുന്ന ദീർഘദൂര വാഹനങ്ങൾ പലതും നിയമത്തിന്റെ നൂലാമാലകൾക്ക് കാത്തുനിൽക്കാതെ ഭീമമായ സാന്പത്തിക നഷ്ടം സ്വയം സഹിച്ച് വാഹനങ്ങൾ എടുത്തുപോകുന്നു.
നൂറുക്കണക്കിന് മനുഷ്യജീവൻ പൊലിയുകയും അതിലും എത്രയോ ഇരട്ടി പേർ കിടപ്പിലാവുകയും ചെയ്ത കുറ്റിപ്പുറം-തൃശൂർ പാതയിൽ മിക്കയിടത്തു ം പേരിന് പോലും തെരുവുവിളക്ക് ഇല്ലന്നെതാണ് വസ്തുത.
കാടുപിടിച്ച പാതയോരം
മലപ്പുറം ജില്ലയിലെ ചങ്ങരംകുളം മുതൽ തൃശൂർ ജില്ലയുടെ അതിർത്തിയായ കടവല്ലൂർ വരെയുള്ള ആറു കിലോമീറ്റർ റോഡിൽ പാതയോരം കാടുപിടിച്ച് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പുല്ല് വളർന്ന് കാടുമൂടി റോഡിന്റെ ദിശ അറിയാൻ കഴിയാത്ത രീതിയിൽ ഇവ റോഡിലേക്ക് ഇറങ്ങിക്കിടക്കുന്നു.
പാതയോരം മുഴുവൻ അനധികൃത ഷെഡുകളും ജൽജീവൻ പദ്ധതിക്കായി ഇറക്കിയ പൈപ്പുകളും കിടക്കുന്നുണ്ട്. അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ച് പാതയോരങ്ങളിൽ കൂട്ടിയിടുന്നതും അധികൃതരുടെ അനാസ്ഥയുടെ മറ്റൊരു രൂപമാണ്.
Tags : Local News Nattuvishesham Malappuram