നെയ്യാർഡാം: വിളക്കുകൾ കണ്ണടച്ചു, നെയ്യാർ വിനോദ സഞ്ചാര കേന്ദ്രം ഇരുട്ടിൽ. നെയ്യാർ പാർക്കിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് വിളക്കുകളാണ് കത്താതെ കിടക്കുന്നത്. അതോടെ നെയ്യാർ ഉദ്യാനം ഇരുട്ടിലായി.
ശശി തരൂർ എംപിയുടെ പ്രാദേശിക വികസന ഫണ്ട് പ്രകാരം പാർക്കിലെ പ്രധാനയിടങ്ങളിൽ സ്ഥാപിച്ച ഉയര വിളക്കാണ് കത്താതെയായത്. അതോടൊപ്പം പാർക്കിലെ മറ്റു വിളക്കുകളും മിഴിയടച്ച മട്ടാണ്. സഞ്ചാരികൾ വന്നാൽ നെയ്യാർ ഡാമിൽ ഇരുട്ട് മാത്രം.
ഇറിഗേഷൻ വകുപ്പാണു ലൈറ്റുകൾ ഉൾപ്പടെയുള്ളവയുടെ അറ്റകുറ്റപ്പണികൾ നോക്കി നടത്തേണ്ടത്. എന്നാൽ ലൈറ്റുകൾ കത്താതെയായിആഴ്ചകൾ പിന്നിട്ടിട്ടും ആരും കണ്ടമട്ട് കാണിക്കുന്നില്ല. നെയ്യാർഡാം പോലീസ് സ്റ്റേഷന്റെ തൊട്ടടുത്താണ് പാർക്ക്. ലൈറ്റുകൾ മിഴിയടച്ചതോടെ ഇവിടെ സാമൂഹ്യ വിരുദ്ധശല്യവും വർധിച്ചു. അടുത്തിടെയാണ് ഇതിനടുത്ത് ലഹിരി മാഫിയാ സംഘം ജില്ലാ പഞ്ചായത്തംഗത്തെ ഭീഷണിപ്പെടുത്തിയ സംഭവം നടന്നത്.
വൈകുന്നേരങ്ങളിൽ ഡാം സന്ദർശിക്കാൻ എത്തുന്നവർ ഇത് കാരണം യാത്ര വേണ്ടെന്നു വയ്ക്കുകയാണ്. ഇതു ടൂറിസത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്.
Tags : Local News Nattuvishesham Thiruvananthapuram