വൈക്കം: വേമ്പനാട്ടു കായലിലെ വൈക്കം ഭാഗത്ത് രൂക്ഷമായ പോള ശല്യം. തണ്ണീർമുക്കം ബണ്ടിനു വടക്കുഭാഗം മുതൽ പുത്തോട്ടവരെയാണ് പോളപായൽ തിങ്ങിയത്. ഓരെത്തിയതോടെ ചീഞ്ഞുതാണു തുടങ്ങിയ പായലും ചീയാത്തതും കായലിൽ തിങ്ങുകയാണ്. മഴ ശക്തമായതോടെ കായലിൽ ലവണാംശം കുറഞ്ഞതോടെ പോളപായൽ വളർന്നു പരക്കുകയാണ്.
ചീഞ്ഞുതാഴുന്ന പായലുകൾ മത്സ്യബന്ധനത്തിനും ജലഗതാഗതത്തിനും തടസം സൃഷ്ടിക്കുന്നു. വേമ്പനാട്ടുകായലിന്റെ മനോഹാരിത നുകരാൻ വഞ്ചിവീടുകളിൽ വരുന്ന സഞ്ചാരികൾക്കും പോളപായൽ അലോസരമുണ്ടാക്കുന്നു. വേമ്പനാട്ടുകായലിലെ പരമ്പരാഗത മത്സ്യബന്ധന രീതിയായ ഊന്നി വലകൾക്ക് പോള പായൽ കേടുവരുത്തുന്നു.
ശക്തമായ നീരൊഴുക്കിനൊപ്പം വലയ്ക്കുള്ളിൽ കുടുങ്ങുന്ന പോളപായൽ വലയിൽ നിറഞ്ഞ് വല കീറുകയാണ്. വലയ്ക്കുള്ളിൽ അകപ്പെടുന്ന മീനുകൾ നഷ്ടമാകുന്നതിനൊപ്പം ഏറെ പണം മുടക്കി ഇറക്കിയ വല കേടാകുന്നതും മത്സ്യ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്നു. ഏറെ നീളമുള്ള അടയ്ക്കാ മരക്കുറ്റികൾ കായലിനു കുറുകെ താഴ്ത്തിയാണ് ഊന്നി വല ബന്ധിക്കുന്നത്.
വലയിൽ നിറഞ്ഞ പോള പായൽ ഒഴുക്കിനൊപ്പം വലിയുമ്പോൾ ഊന്നിക്കുറ്റികളും ഒടിയുന്നു. പാടശേഖരങ്ങളിൽ നിന്നും ഉൾതോടുകളിൽ നിന്നുമാണ് പോള പായൽ കായലിലെത്തുന്നത്. പോളപായൽ ഉറവിടത്തിൽതന്നെ നശിപ്പിക്കണമെന്ന മത്സ്യ തൊഴിലാളികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
വൈക്കം - തവണക്കടവ്, ചെമ്മനാകരി - മണപ്പുറം, പൂത്തോട്ട - പെരുമ്പളം എന്നിവടങ്ങളെ ബന്ധിപ്പിച്ചു നടത്തുന്ന ബോട്ടു സർവീസുകൾക്കും വലിയ പ്രതിസന്ധിയാണ് പോളപായൽസൃഷ്ടിക്കുന്നത്.
ചീഞ്ഞുതാണു നിൽക്കുന്ന പായലുകൾ ബോട്ടിന്റെ യന്ത്ര ഭാഗങ്ങളിൽ കുടുങ്ങി പ്രൊപ്പല്ലറുകൾക്ക് കേടുവരുത്തുകയാണ്. ബോട്ട്സർവീസ് നിശ്ചിത സമയത്തിൽ കൂടുതലെടുത്താണിപ്പോൾ പൂർത്തിയാക്കുന്നത്. വേമ്പനാട്ടു കായലിലെ നേരേകടവ് - മാക്കേക്കടവ് ഫെറിയിൽ കായൽ പാലം നിർമാണം നടക്കുന്നതിനാൽ ഇവിടെ ജങ്കാർ സർവീസാണുള്ളത. ജങ്കാർ സർവീസിനും പോളപായൽ തടസമാകുകയാണ്. മത്സ്യബന്ധനത്തെയും ജലഗതാഗതത്തേയും പ്രതികൂലമായി ബാധിക്കുന്ന പോളപായൽനീക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം.
Tags : nattu vishesham water hyacinth severe in Vembanad Lake