കരിങ്കയത്തിനടുത്ത് തകർന്നുകിടക്കുന്ന മിനി ഡാമിന്റെ ശേഷിപ്പുകൾ.
വടക്കഞ്ചേരി: സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയിട്ടുള്ള മംഗലംഡാം കരിങ്കയത്തെ മിനിഡാം (പൊട്ടഡാം) പ്രദേശം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നു മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതർ.
മിനി ഡാം പൂർണമായും സ്വകാര്യവ്യക്തികൾ കൈയേറി സ്വന്തമാക്കിയിരിക്കുകയാണ്. 28 ഏക്കർവരുന്ന ഡാംപ്രദേശമാണ് ഇറിഗേഷൻവകുപ്പിന് നഷ്ടമായിട്ടുള്ളത്.
ഭൂമിയുടെ അതിരുകൾ കണ്ടെത്തുന്നതിനായി സർവേ നടപടികൾക്കായി ആലത്തൂർ താലൂക്ക് അധികാരികൾക്ക് കത്തുനൽകിയിരുന്നെങ്കിലും സർവേ നടപടികൾ നീണ്ടുപോകുന്ന സ്ഥിതിയുണ്ടെന്നു മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഡി.എസ്. സുജിത്ത് പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലൈഫ് മിഷൻ പദ്ധതിക്കായി ഡാംസ്ഥലം പരിഗണിച്ചിരുന്നെങ്കിലും പിന്നീടത് നടന്നില്ല. ഡാംസൈറ്റിൽ ഇപ്പോൾ വീടുകളും വിളകളുമാണ്. ഇവിടെ ഡാമുണ്ടായിരുന്നതിന്റെ ശേഷിപ്പുകൾ ഏതാനും കൽഭിത്തികളിലൊതുങ്ങി.
ഇതു പൊളിച്ചെടുക്കാൻ ബുദ്ധിമുട്ടായതിനാൽ തെളിവിനായി അതെങ്കിലും പൊന്തക്കാടിനുള്ളിലുണ്ട്. സ്വകാര്യവ്യക്തികളുടെ ദീർഘകാലവിളകൾ ഉൾപ്പെടെയുണ്ട് ഡാം സ്ഥലത്ത്.
മംഗലംഡാം റിസർവോയറിൽനിന്നും ഒരുകിലോമീറ്റർമാറി കരിങ്കയം മലയൻകുളമ്പ് പൂച്ചാടി ഭാഗത്താണ് ഈ പ്രദേശം. ഏറെ ഉള്ളിലേക്കുമാറിയ സ്ഥലമായതിനാൽ അധികമാർക്കും ഈ ഭൂപ്രദേശം അറിയില്ല.
മംഗലംഡാം റിസർവോയറിൽനിന്നും വെള്ളം എത്തിക്കാൻ കഴിയാത്ത കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാൻ ലക്ഷ്യമിട്ടാണ് ആറുപതിറ്റാണ്ട് മുമ്പ് വിആർടി- കരിങ്കയം തോടിനു കുറുകെ ഡാം നിർമിച്ചത്.
എന്നാൽ നിർമാണത്തിലെ അപാകതമൂലം തോടിനു കുറുകെ നിർമിച്ച ഡാം തകർന്നു. ജലസേചനം താളം തെറ്റി. ഇതോടെ ഡാമിന്റെ ആയക്കെട്ട് പ്രദേശങ്ങളിലെ കൃഷിയും നിലച്ചു. തകർന്ന ഭാഗം പുനർനിർമിക്കാൻ ശ്രമം നടന്നില്ല.
മറ്റിടങ്ങളിൽ വീടും സ്ഥലമുള്ളവരും കൈയേറ്റക്കാരിലുണ്ട്. കൈയേറിയ സ്ഥലം വില്പനനടത്തുന്ന വിരുതൻമാരുമുണ്ട്. സ്ഥലത്തിന് രേഖകളും മറ്റും ശരിയാക്കി തരാമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി കൈവശക്കാരിൽനിന്നും ഇടക്കിടെ പണപ്പിരിവ് നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി പറയുന്നു.
ഇതിനിടെ സ്ഥലത്ത് ആർട്സ് കോളജ് വരും എന്ന പ്രഖ്യാപനം 2012ലുണ്ടായി.
ഫണ്ട് റെഡിയാണെന്നും സ്ഥലം കണ്ടെത്തിയാൽ കോളജിനായുള്ള കെട്ടിട നിർമാണം ആരംഭിക്കുമെന്നുമായിരുന്നു ഉറപ്പുകൾ. അതിന്റെ ഭാഗമായി അന്നത്തെ എംപിയും കിഴക്കഞ്ചേരി പഞ്ചായത്ത് അധികൃതരും സ്ഥലം പരിശോധിക്കുകയും ചെയ്തിരുന്നു.