പല്ലശന തല്ലുമന്ദത്ത് തിരുവോണനാളിൽ നടന്ന ഓണത്തല്ല്.
പല്ലശന: ഓണാഘോഷത്തിന്റെ ഭാഗമായി ഒഴിവുപാറ തല്ലുമന്ദത്ത് നടന്ന ഓണത്തല്ല് ആചാരചടങ്ങിൽ പങ്കെടുക്കാൻ എത്തിയതു വൻജനാവലി. വ്രതശുദ്ധിയോടെ പോരാളികൾ മന്ദമൈതാനിയിൽ എത്തിയപ്പോൾ ആർപ്പുവിളികളുയർന്നു.
തുടർന്ന് കാരണവ ഗുരുക്കളുടെ ശിക്ഷണത്തിൽ ആചാര ചടങ്ങ് അരങ്ങേറി. പ്രത്യേകം സജ്ജമാക്കിയ മൈതാനത്ത് വ്യക്തിയുടെ പുറത്ത് ആഞ്ഞടിക്കുന്നതാണ് ആചാരച്ചടങ്ങ്.
ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ നടക്കുന്ന പ്രധാന ഉത്സവങ്ങളിൽ ഓണത്തല്ലും ഉൾപ്പെടും. പല്ലശന ഗ്രാമത്തിൽ തിരുവോണം, അവിട്ടം നാളുകളിൽ നടക്കുന്ന ഓണത്തല്ല് പാരന്പര്യമായി നടന്നുവരുന്ന ഐതിഹ്യപ്പെരുമ കൂടിയാണ്.
പല്ലശനയുടെ നാട്ടുരാജാവിനെ ചതിച്ചുകൊന്ന ശത്രുക്കളോടുള്ള പോർവിളിയുടേയും പ്രതികാരത്തിന്റേയും സ്മരണ പുതുക്കലാണ് ഈ ഓണത്തല്ല് ചടങ്ങ്.
കേരളത്തിന്റെ ആയോധനകലയായ കളരിപ്പയറ്റിൽ നിന്നുമാണ് ഈ ചടങ്ങു രൂപംകൊണ്ടതത്രെ. കോഴിക്കോട് സാമൂതിരി രാജാവിന്റെ സാമന്തക്കാരനായ പല്ലശന കുറൂർ നന്പിടിയെ ചതിച്ചുകൊന്നതിൽ നാട്ടുകാരുടെ പ്രതിഷേധത്തിന്റെ യുദ്ധഅനുസ്മരണമാണ് ഓണത്തല്ലിന്റെ ഐതിഹ്യം വിളിച്ചുപറയുന്നു.
Tags : NattuVishesham DistrictNews