ഹരിപ്പാട്: മലയാള സാഹിത്യലോകത്തെ പ്രമുഖ കവിയും നിരൂപകനുമായ പത്മശ്രീ പി.നാരായണക്കുറുപ്പിന്റെ വിയോഗം അദ്ദേഹത്തിന്റെ ജന്മനാടായ ഹരിപ്പാടിന് കണ്ണീരോർമയായി.
ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ഔദ്യോഗിക ആവശ്യങ്ങൾക്കായും അല്ലാതെയും ഡൽഹിയിലും തിരുവനന്തപുരത്തുമായിരുന്നെങ്കിലും, തന്റെ കാവ്യസംസ്കാരത്തിന്റെ വേരുകൾ ഹരിപ്പാടിന്റെ മണ്ണിലായിരുന്നുവെന്ന് അദ്ദേഹം എപ്പോഴും അഭിമാനത്തോടെ ഓർത്തിരുന്നു.
1934ൽ ഹരിപ്പാടായിരുന്നു പി. നാരായണക്കുറുപ്പിന്റെ ജനനം. കരുവാറ്റ എൻഎസ് എസ് ഹൈസ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് ആലപ്പുഴ എസ്ഡി കോളജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. സംസ്കൃത പാരമ്പര്യത്തിന്റെ സമൃദ്ധിയും മലയാളത്തിന്റെ നാടൻവീര്യവും ഒരുപോലെ ചേർന്ന അദ്ദേഹത്തിന്റെ സവിശേഷമായ കാവ്യശൈലി രൂപപ്പെടുന്നതിൽ ജന്മനാടിന്റെ സാംസ്കാരിക പശ്ചാത്തലം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഭാരതീയ സാംസ്കാരിക മൂല്യങ്ങളോടും സനാതന ധർമബോധത്തോടുമുള്ള പ്രതിബദ്ധതയും ദേശീയ ജാഗ്രതയും അദ്ദേഹത്തിന്റെ കവിതകളുടെ മുഖമുദ്രയായിരുന്നു. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച്, പിന്നീട് കേന്ദ്ര സെക്രട്ടേറിയറ്റ് സർവീസിലും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും തപസ്യ കലാസാഹിത്യ വേദിയുടെ അധ്യക്ഷനായും ഒക്കെ തിളങ്ങുമ്പോഴും ഹരിപ്പാടുമായുള്ള ആത്മബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.
കവിതയ്ക്കും നിരൂപണത്തിനുമായി കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2022ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചപ്പോൾ അത് ഹരിപ്പാടിന്റെ സാംസ്കാരിക പാരമ്പര്യത്തിന് ലഭിച്ച വലിയൊരു അംഗീകാരം കൂടിയായി മാറി.
അവസാനകാലത്ത് തിരുവനന്തപുരം പേരൂർക്കടയിലായിരുന്നു താമസമെങ്കിലും ഹരിപ്പാടിന്റെ സാംസ്കാരിക ചരിത്രത്തിൽ എന്നും തിളങ്ങിനിൽക്കുന്ന നാമമായിരിക്കും പി. നാരായണക്കുറുപ്പിന്റേത്. ഒട്ടനവധി കാവ്യസമൃദ്ധിയും നിരൂപണഗ്രന്ഥങ്ങളും കൈരളിക്ക് സമ്മാനിച്ച ആ വലിയ പ്രതിഭയുടെ വിയോഗത്തിൽ ജന്മനാട് അത്യഗാധമായ ദുഃഖത്തോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.