കണ്സ്ട്രക്ഷന് അക്കാദമിക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലം കാട് കയറിയ നിലയില്.
ചാത്തന്നൂര്: ചാത്തന്നൂരില് 2009 ല് അനുവദിച്ച കണ്സ്ട്രക്ഷന് അക്കാദമിയുടെ (നിര്മാണ പരിശീലന കേന്ദ്രം) സ്ഥലമാകെ കാടു കയറി ഇഴജന്തുക്കള്ക്കും കുറുക്കന്മാര്ക്കും ആവാസ കേന്ദ്രമായി മാറിയത് പരിസരവാസികള്ക്ക് ഭീഷണിയായി മാറി. രാഷ്ട്രീയ സ്വാധീനത്താല് പദ്ധതി ചവറയിലേക്ക് പോയതോടെയാണ് കണ്സ്ട്രക്ഷന് അക്കാദമിക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലം കാട് കയറിയ നിലയിലായത്.
പകരം കേരള സര്വകലാശാലയുടെ കീഴില് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന് കേരള എന്ന പേരില് സ്ഥാപനം ആരംഭിക്കാനായി ഉമ്മന്ചാണ്ടി സര്ക്കാരിന്റെ കാലത്ത് നീക്കം തുടങ്ങിയെങ്കിലും ഇതിന്റെ പ്രവര്ത്തനവും എങ്ങും എത്തിയില്ല.
തുടര്ന്നുവന്ന സര്ക്കാരുകളും പ്രതീക്ഷ ഉണര്ത്തി പുതിയ സംരംഭവുമായി എത്തിയെങ്കിലും എല്ലാം ഫയലില് ഒതുങ്ങുകയാണ്. കാരംകോട് കൊല്ലം സഹകരണ സ്പിന്നിംഗ് മില് കാമ്പൗണ്ടില് നിന്ന് പത്തേക്കര് സ്ഥലം സ്വന്തമാക്കിയാണ് കണ്സ്ട്രക്ഷന് അക്കാദമിക്ക് തുടക്കം കുറിച്ചത്.
സഹകരണ സ്പിന്നിംഗ് മില് നഷ്ടത്തില് ആയപ്പോള് സ്പിന്നിംഗ് മില്ലിനെ കരകയറ്റാനും അനുബന്ധമായി മികവാര്ന്ന സാങ്കേതികവിദ്യയില് വിദഗ്ധരായ തൊഴിലാളികളെ വാര്ത്തെടുക്കാനുമാണ് കണ്സ്ട്രക്ഷന് അക്കാദമി ആരംഭിക്കുകയായിരുന്നു ഇടതു സര്ക്കാരിന്റെ ലക്ഷ്യം.
2011 മാര്ച്ചില് അന്നത്തെ ടെക്സ്റ്റെയില് മന്ത്രി പി.കെ. ഗുരുദാസന് അക്കാദമിക്ക് തറക്കല്ലിട്ടു. വി.എസ്. സര്ക്കാര് മാറിയപ്പോള് കാര്യങ്ങള് തകിടംമറിഞ്ഞു. ചാത്തന്നൂരിന് അക്കാദമി നഷ്ടപ്പെട്ടു. ചാത്തന്നൂര് നിയോജകമണ്ഡലത്തിലെ വികസനപദ്ധതികള്ക്കെല്ലാം അയിത്തം കല്പിച്ച് ഇല്ലാതാക്കുന്ന സമീപനം കാലങ്ങളായി നടക്കുന്നതായാണ് ആക്ഷേപം.
എന്ത് വികസനപ്രവര്ത്തനം നടപ്പാക്കാനൊരുങ്ങിയാലും അത് പാതിവഴിയില് അവസാനിക്കുന്ന അനുഭവമാണെന്നും അതിന്റെ ഉദാഹരണമാണ് കണ്സ്ട്രക്ഷന് അക്കാദമി പദ്ധതിയെന്നും ജനങ്ങള് ചൂണ്ടികാട്ടുന്നു. ചാത്തന്നൂര്ക്കാരിയായ ബിന്ദു കൃഷ്ണ മന്ത്രിയായതോടെ ചാത്തന്നൂരിന്റെ വികസനമുരടിപ്പിന് അന്ത്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.