തിരുവനന്തപുരം: സാൽവേഷൻ ആർമിസഭയുടെ സ്ഥാപിതമായിട്ട് ഇന്ന് 162 വർഷം തികയുന്നു. സ്ഥാപനക ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്്.
സംസ്ഥാന ആസ്ഥാനമായ കവടിയാറിൽ രാവിലെ എട്ടിന് സംസ്ഥാനാധിപൻ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ പതാക ഉയർത്തും. രാവിലെ ഏഴു മുതൽ സൗജന്യ മെഡിക്കൽ ക്യാന്പും കവടിയാറിൽ നടക്കും. സെൻട്രൽ ചർച്ചിന്റെ നേതൃത്വത്തിൽ വൈകുന്നേരം 3.30ന് പേരൂർക്കടയിൽ നടക്കുന്ന പൊതുയോഗം മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. കാട്ടാക്കട ഡിവിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി രാവിലെ 8.30 ന് കുളത്തുമ്മേൽ സെൻട്രൽ ചർച്ചിൽ എം.ആർ. ബൈജു എം എൽഎ ഉദ്ഘാടനം ചെയ്യും.
നെയ്യാറ്റിൻകര ഡിവിഷന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ റാലി രാവിലെ എട്ടിനു മുനിസിപ്പൽ ചെയർമാൻ ഡബ്ലിയു. ആർ. ഹീബ ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിൽ 330 ൽപ്പരം ദേവാലയങ്ങളിൽ രാവിലെ പതാക ഉയർത്തലും സ്തോത്ര പ്രാർഥനയും വൃക്ഷതൈ നടീലും നടക്കും.
ഇംഗ്ലണ്ടിൽ 1865 ജൂലൈ രണ്ടി നാണ് വില്യം ബൂത്തും ഭാര്യ കാതറൈൻ ബൂത്തും ചേർന്ന് സഭ സ്ഥാപിച്ചത്. ലണ്ടൻ ആസ്ഥാനമായ സാൽവേഷൻ ആർമിയുടെ ഇപ്പോഴെത്തെ അന്തർദേശീയ നേതാവ് ജനറൽ ലിണ്ടൻ ബക്കിംഗ്ഹാം ആണ്. കമ്മീഷണർ ബ്രോണ്‍ വിൻ ബക്കിംഗ്ഹാം വനിതാ ശുശ്രൂഷകളുടെ അന്തർദേശീയ പ്രസിഡന്റായും പ്രവർത്തിക്കുന്നു.
ഇന്ത്യയിൽ ആറു ടെറിട്ടറികളിലായാണ് സഭയുടെ പ്രവർത്തനം. 1882 സെപ്റ്റംബർ 19ന് മേജർ ഫെഡറിക്ക് ടക്കറിന്റെ നേതൃത്വത്തിൽ മുംബൈയിലാണ് ഭാരതത്തിലെ പ്രേക്ഷിത പ്രവർത്തനങ്ങൾ തുടങ്ങിയത്.1896 മാർച്ച് എട്ടിനാണ് കേരളത്തിൽ സഭ പ്രവർത്തനം ആരംഭിച്ചത്.
തിരുവനന്തപുരം ആസ്ഥാനമായ സഭയുടെ സംസ്ഥാനാധിപൻ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ ആണ്. 162-ാമത് സ്ഥാപക ദിനം വിവിധ പ രിപാടികളോടെയാണ് ആചരിക്കുന്നത്.