തൃശൂർ സ്വരാജ് റൗണ്ടിൽ നടന്ന മഹാശോഭായാത്രയിൽനിന്ന്.
തൃശൂർ: പീലിത്തിരുമുടിചൂടി, കൈയിൽ ഓടക്കുഴലുമേന്തി നൂറുകണക്കിനു കുരുന്നുകൾ വീഥികളിലിറങ്ങിയപ്പോൾ തൃശൂർ സ്വരാജ് റൗണ്ട് അമ്പാടിയായി. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ തൃശൂരിൽ നടന്ന മഹാശോഭായാത്ര ഭക്തിയുടെയും ആവേശത്തിന്റെയും പുതിയ അനുഭവമായി. സ്വരാജ് റൗണ്ടിലൂടെ നീങ്ങിയ വർണാഭമായ നിശ്ചലദൃശ്യങ്ങളും താളത്തിനൊത്ത് ചുവടുവച്ച ഗോപികാനൃത്തങ്ങളും നഗരത്തിലെത്തിയ ആയിരകണക്കിനു കാണികളുടെ മനംകവർന്നു.
പാറമേക്കാവ് ക്ഷേത്രപരിസരത്തുനിന്ന് ആരംഭിച്ച ശോഭായാത്ര കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ടി. സജിതാ റാണി ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന്മാരായി വേഷമിട്ട നൂറുക്കണക്കിന് കുട്ടികൾക്കൊപ്പം അവൽപൊതിയുമായി എത്തിയ കുചേലന്മാരും ഗോപികമാരും യാത്രയിൽ വശ്യമായ കാഴ്ചയായി.
കണ്ണന്റെ കാളിയമർദനവും കുചേലനും കണ്ണനും മുതൽ പുരാണസന്ദർഭങ്ങൾ പുനരാവിഷ്കരിച്ച ടാബ്ലോകൾ സ്വരാജ് റൗണ്ടിന് ഉത്സവച്ഛായ പകർന്നു. തപ്പുകളുടെയും തകിലുകളുടെയും പ്രാർഥനാമന്ത്രങ്ങളുടെയും അകമ്പടിയോടെ നീങ്ങിയ ശോഭായാത്ര വടക്കുന്നാഥന്റെ സന്നിധിയിൽ സംഗമിച്ചു.
ആഘോഷങ്ങൾക്ക് ബാലഗോകുലം അധ്യക്ഷൻ വി.എൻ. ഹരി, കെ.പി. ബാബുരാജ്, മാധവ് എന്നിവർ നേതൃത്വം നൽകി. തൃശൂരിനു പുറമേ ചാലക്കുടി, കൊടകര, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, പെരിഞ്ഞനം, തൃപ്രയാർ, ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, ചെറുതുരുത്തി, പഴയന്നൂർ എന്നിവിടങ്ങളിലും മഹാശോഭായാത്ര അരങ്ങേറി.
കണ്ണനെ കാണാൻ ഭക്തസഹസ്രങ്ങൾ
ഗുരുവായൂർ: ക്ഷേത്രസന്നിധിയിൽ എവിടെ നോക്കിയാലും ഉണ്ണിക്കണ്ണന്മാരായിരുന്നു ഇന്നലെ. ഉടയാടകളും ഓടക്കുഴലും മയിൽപ്പീലിയുമണിഞ്ഞ് കുരുന്നുകൾ ക്ഷേത്രസന്നിധിയിലാകെ നിറഞ്ഞു.
കണ്ണന്റെ പിറന്നാൾ സുദിനമായ അഷ്ടമി രോഹിണി ആഘോഷത്തിന് കണ്ണനെ ഒരുനോക്കു കാണാൻ ഭക്ത സഹസ്രങ്ങൾ ഗുരുവായൂരിലേക്ക് ഒഴുകിയെത്തി. ദര്‍ശനത്തിന് പുലര്‍ച്ചെ മുതല്‍ നീണ്ട നിരയായിരുന്നു. ക്ഷേത്രത്തിനകത്തും പുറത്തും ജനം തിങ്ങിനിറഞ്ഞു. ശംഖ് ചക്ര പത്മ ഗദാധാരിയായി പുഞ്ചിരിതൂകി നിൽക്കുന്ന ഗുരുവായൂരപ്പന്റെ അലങ്കാരത്തിൽ കണ്ണൻ ഭക്തർക്ക് ദർശനസായുജ്യം നൽകി. ദർശനത്തിനു ശേഷമുള്ള ക്ഷേത്ര പ്രദക്ഷിണവും ശയന പ്രദക്ഷിണവും ഇന്നലെ അനുവദിച്ചില്ല. രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ വിഐപി ദർശനം നിയന്ത്രിച്ചത് സാധാരണ ഭക്തർക്ക് അനുഗ്രഹമായി.
ക്ഷേത്രത്തില്‍ കാഴ്ചശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ ഗുരുവായൂരപ്പന്റെ സ്വര്‍ണക്കോലമേറ്റി. രാവിലെ തിരുവല്ല രാധാകൃഷ്ണന്റെ പഞ്ചാരിമേളം അകമ്പടിയായി. ഉച്ചകഴിഞ്ഞ് ചോറ്റാനിക്കര നന്ദപ്പൻ മാരാർ നയിച്ച പഞ്ചവാദ്യവും അകമ്പടിയായി. രാത്രി വിശേഷാൽ ഇടയ്ക്ക നാദസ്വരമേളത്തോടെ പ്രൗഢമായ വിളക്കെഴുന്നെള്ളിപ്പായിരുന്നു. കൊന്പൻ ഇന്ദ്രസെൻ സ്വർണക്കോലമേറ്റി.
സദ്യയിൽ പങ്കെടുത്ത് 40,000 ഭക്തർ
രാവിലെ ഒന്‍പതു മുതല്‍ അന്നലക്ഷ്മി ഹാളിലും, പുറത്ത് പന്തലിലും തെക്കേനടയിലെ ശ്രീഗുരുവായൂരപ്പന് നടപ്പന്തലിലുമായി പിറന്നാള്‍ സദ്യതുടങ്ങി. രസകാളൻ, പുളിഞ്ചി, ഓലന്‍, അവിയൽ, ഉപ്പിലിട്ടത്, വറുത്തുപ്പേരി, പപ്പടം, പാല്‍പ്പായസം തുടങ്ങിയവയായിരുന്നു വിഭവങ്ങള്‍. 40000ത്തോളം പേര് പിറന്നാള്‍ സദ്യയില്‍ പങ്കെടുത്തു.വൈകിട്ട് അഞ്ചുവരെ സദ്യ വിതരണംചെയ്തു.
അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാടായ നെയ്യപ്പം അത്താഴപൂജയ്ക്ക് ഭഗവാന് നിവേദിച്ചു. 41000ത്തിലേറെ നെയ്യപ്പമാണ് തയാറാക്കിയത്. 10 ലക്ഷത്തിന്റെ പാല്‍പ്പായസവും തയാറാക്കി നിവേദിച്ചു. 13 കീഴ്ശാന്തി ഇല്ലങ്ങളിലെ 80ഓളം കീഴ്ശാന്തി നമ്പൂതിരിമാരാണ് കണ്ണന്റെ പിറന്നാള്‍ ഗംഭീരമാക്കാന്‍ പാല്‍പ്പായവും അപ്പവും തയാറാക്കുന്നതിനും മറ്റു ക്ഷേത്രജോലികള്ക്കുമായി പുലര്‍ച്ചെമുതല്‍ പ്രവര്‍ത്തിച്ചത്. തിടപ്പള്ളിയിലും വാതില്മാടത്തിലുമെല്ലാം അടുപ്പ് ഒരുക്കി നറുനെയ്യിലാണ് അപ്പം തയാറാക്കിയത്.
ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാർ ഭക്തർക്കാവശ്യമായ ക്രമീകരണങ്ങൾഒരുക്കി.
ആവേശമായി ഗോപികാനൃത്തം
ഗുരുവായൂര്‍ നായര്‍ സമാജത്തിന്റെ ആഭിമുഖ്യത്തിലെ ആഘോഷപരിപാടികള്‍ മമ്മിയൂര്‍ ക്ഷേത്രസന്നിധിയില്‍നിന്നാണ് തുടങ്ങിയത്. ദേവീദേവന്മാരുടെ തിടമ്പ് എഴുന്നള്ളിച്ച ജീവത എഴുന്നള്ളിപ്പ് മഹാദേവസന്നിധിയില്‍ ഒരുമണിക്കൂറോളം നിറഞ്ഞാടി. ഗുരുവായൂരില്‍ അഷ്ടമി രോഹിണി ദിവസം നായര്‍ സമാജത്തിന്റെ നേതൃത്വത്തിലെ ആഘോഷപരിപാടിയിലെ മുഖ്യ ഇനമാണ് ജീവത എഴുന്നള്ളത്തും ഗോപികാ നൃത്തവും. കൃഷ്ണനും ഗോപികമാരും കുചേലനും മനോഹരമായി ചുവടുവച്ച ഗോപികാനൃത്തം ആസ്വദിക്കുന്നതിന് മമ്മിയൂർ ക്ഷേത്രസന്നിധിയിൽ ആയിരങ്ങൾ തിങ്ങിക്കൂടി. കണ്ണൻ ഉറി അടിച്ചുടച്ചാണ് ഘോഷയാത്ര ആരംഭിച്ചത്.
നഗരവീഥികളില്‍ അലങ്കിച്ച് കെട്ടിതൂക്കിയ ഉറികള്‍ രാധാ,കൃഷ്ണ വേഷമണിഞ്ഞ കുട്ടികള്‍ നൃത്തച്ചുവടുകളോടെ അടിച്ചുടച്ചു. തുടര്‍ന്ന് വാശിയേറിയ ഉറിയടിയും ഉണ്ടായി.
അപ്പം, അവിൽ തുടങ്ങിയവയാണ് ഉറികളില്‍ നിറച്ചിരുന്നത്. ഘോഷയാത്രയിലുടനീളം ഭക്തര്‍ക്ക് അപ്പം വിതരണം ചെയ്തു. ഘോഷയാത്ര ഗുരുവായൂരപ്പ സന്നിധിയിലെത്തി തിരിച്ച് മമ്മിയൂരിൽ സമാപിച്ചു.
പെരുന്തട്ട ശിവകൃഷ്ണ ഭക്ത സേവാസംഘത്തിന്റെ ഘോഷയാത്ര പെരുന്തട്ടക്ഷേത്ര സന്നിധിയിയില്നിന്നാണ് തുടങ്ങിയത്. ഉറിയടി, താലം, മേളം, ഗോപികാനൃത്തം എന്നിവ അണിനിരന്ന ഘോഷയാത്ര പടിഞ്ഞാറേ നടവഴി പെരുന്തട്ടയില്‍ സമാപിച്ചു. നെന്മിനി ബലരാമ ക്ഷേത്രത്തിൽനിന്നുള്ള ഘോഷയാത്ര ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ എത്തി. തുടർന്ന് ദേവ സഹോദര സംഗമം നടന്നു.