ജീർണിച്ച വാഹനം ദ്രവിച്ച് തലകീഴായി മറിഞ്ഞുവീണ നിലയിൽ.
എരുമേലി: സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകൾ കേസുകളിൽ പിടിച്ചിട്ട വാഹനങ്ങളുടെ ശവപ്പറമ്പുകളാകരുത് എന്ന ലക്ഷ്യത്തോടെ സർക്കാർ തുടങ്ങിയ സ്പേസ് പദ്ധതി എരുമേലി പൊലിസ് സ്റ്റേഷനിൽ വിജയിച്ചില്ല. പിടിച്ചിട്ട വാഹനങ്ങൾ നിരവധിയാണ്. ലേലം ചെയ്ത് ഇവ നീക്കിയിട്ടില്ല. തുരുമ്പെടുത്ത് ജീർണിച്ച് പഴകി ദ്രവിച്ച വാഹനങ്ങൾ ഏറെയാണ്. ഇതൊക്കെ ആക്രി വിലയിലാണെങ്കിൽ വിൽക്കാൻ പറ്റുമെന്നിരിക്കേ നടപടി ഇല്ലെന്നാണ് ആക്ഷേപം.
അതേസമയം വിവിധ കേസുകളിലായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളുടെ നീക്കം ചെയ്യൽ നടപടികൾ തുടങ്ങിയെന്ന് പൊലിസ് പറയുന്നു. എന്നാൽ, മാസങ്ങളായിട്ടും വാഹനങ്ങൾ നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട പ്രധാന ഇടത്താവളമായതിനാൽ എരുമേലിയിൽ തീർഥാടന കാലത്തുണ്ടാകുന്ന ഗതാഗത നിയമലംഘനങ്ങൾ, അപകടങ്ങൾ എന്നിവയിൽപ്പെട്ട് ഒട്ടേറെ വാഹനങ്ങൾ പിടിച്ചെടുക്കേണ്ടി വരുന്നുണ്ട്. അബ്കാരി - ലഹരി കേസുകളുടെ ഭാഗമായി അനധികൃത മദ്യക്കടത്ത്, ലഹരിവസ്തുക്കളുടെ കടത്ത് എന്നിവയ്ക്ക് ഉപയോഗിച്ച വാഹനങ്ങളുമുണ്ട്.
കോട്ടയം ജില്ലാ പൊലിസ് ചീഫിന്റെ നിർദേശപ്രകാരം എരുമേലി ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലെ കേസുകളിൽപ്പെടാത്തതും അവകാശികളില്ലാത്തതുമായ വാഹനങ്ങളുടെ കൃത്യമായ ലിസ്റ്റ് തയാറാക്കിയിട്ടുണ്ടന്ന് പൊലിസ് ഉദ്യോഗസ്ഥർ പറയുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എംഎസ്ടിസിയുടെ ഇ-ലേലം പോർട്ടൽ വഴിയാണ് ലേല നടപടികൾ സ്വീകരിക്കുന്നതെങ്കിലും വാഹനങ്ങൾ എരുമേലി സ്റ്റേഷൻ പരിസരത്ത് തുടരുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നാണ് ആക്ഷേപം.