മംഗലംഡാം: ജലസ്രോതസുകളെല്ലാം വറ്റിവരളുമ്പോഴും ഓടംതോട് പടങ്ങിട്ടതോട്ടിലെ അത്ഭുതനീരുറവയിലെ ജലസമൃദ്ധിക്ക് കുറവില്ല. മംഗലംഡാമിൽ നിന്നും എട്ട് കിലോമീറ്റർ മാറി മലയടിവാരത്താണ് മൂന്നടി മാത്രം താഴ്ചയുള്ള ഈ ഉറവയുള്ളത്.
പാറ്റാനി റെയിൻസ് മാണിയുടെ കവുങ്ങിൻ തോട്ടത്തിലെ ഈ ഉറവയിപ്പോൾ ഒരു പ്രദേശത്തിന്റെയാകെ കുടിവെള്ള സംഭരണിയായി മാറിയിരിക്കുന്നത്. ചെറിയ കിണറിന്റെ വട്ടവും മൂന്നടി താഴ്ചയുമുള്ള കുഴിയിൽ നിന്നും എത്ര വെള്ളം എടുത്താലും ജലനിരപ്പ് താഴില്ല. അതും തണുത്ത് തെളിഞ്ഞ വെള്ളം. ഉച്ചസമയങ്ങളിൽ ദാഹമകറ്റാൻ ഈ നീരുറവ തേടിയെത്തുന്നവർക്കും കണക്കില്ല.
താഴെയുള്ള നിരവധി കുടുംബങ്ങളും ഇവിടെനിന്നും ഹോസ് ഉപയോഗിച്ച് വെള്ളം കൊണ്ടുപോകുന്നുണ്ട്. മാൻ ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളും വെള്ളം തേടിയെത്തുന്നത് ഇവിടെയാണ്. നീരുറവയുള്ള കവുങ്ങിൻ തോട്ടവും മഴക്കാലം പോലെ ഈർപ്പം നിറഞ്ഞുനിൽക്കുന്ന സ്ഥിതിയാണ്. പറമ്പിൽ ചവിട്ടിയാലും കാല് താഴ്ന്നുപോകും. എന്നാൽ ഇതിന് തൊട്ടു താഴെയുള്ള പുഴയിൽ ഒരു തുള്ളി വെള്ളമില്ല.
വേനലായാലും മഴക്കാലമായാലും കുഴിയിലെ ജലനിരപ്പിൽ മാറ്റം വരാറില്ലെന്ന് അയൽവാസിയായ ബേബി പറഞ്ഞു. വൻമലയിൽ നിന്നുള്ള നീരൊഴുക്കാകാം അത്ഭുത നീരുറവക്ക് കാരണമെന്ന് പറയുന്നു.
Tags : nattu vishesham spring in the stream miraculously