പാലാ: സിവില്‍ സ്റ്റേഷന് വളപ്പിലെ ശുചിമുറി സമുച്ചയം തുറക്കാനുള്ള നടപടികൾ വൈ കുന്നു. പൊതുജനങ്ങള്‍ക്കായി ആറു മുറികളുള്ള കംഫര്‍ട്ട് സ്റ്റേഷൻ സിവില്‍ സ്റ്റേഷനു പിന്‍ഭാഗത്ത് രജിസ്ട്രേഷന് ഓഫീസിനു സമീപം 2019 നവംബറിലാണ് നിര്‍മിച്ചത്. നഗരസഭ അഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ശുചിമുറികള്‍ നിര്‍മിച്ചത്.
കംഫര്‍ട്ട് സ്റ്റേഷനില്‍ വെള്ളവും വൈദ്യുതിയും എത്തിക്കുന്നതു സംബന്ധിച്ച് താലൂക്ക് അധികൃതരും നഗരസഭയും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്താത്തതാണ് ശുചിമുറി സമുച്ചയം തുറക്കാത്തതിന് കാരണം. വര്‍ഷങ്ങളായി ശുചിമുറി കെട്ടിടം കാടുകയറി നശിക്കുകയാണ്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിസരം വൃത്തിയാക്കുന്നുണ്ടെങ്കിലും ശുചിമുറികള്‍ ഉപയോഗശൂന്യമാണ്.
സിവില്‍ സ്റ്റേഷനിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ക്കായി ദിവസേന എത്തുന്ന സ്ത്രീകള്‍, വയോധികര്‍, ഭിന്നശേഷിക്കാര്‍, കുട്ടികളുമായി വരുന്നവര്‍ എന്നിവര്‍ പൊതു ശൗചാലയം ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുകയാണ്. സിവില്‍ സ്റ്റേഷനിലും രജിസ്ട്രേഷന് ഓഫീസിലും ജീവനക്കാര്‍ക്കായി ശുചിമുറി സൗകര്യമുണ്ട്. ഇതിനാല്‍ ഉദ്യോഗസ്ഥര്‍ പൊതുശൗചാലയത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ല.
Tags : nattu vishesham toilet complex Civil Station has been closed