നെന്മാറ: നെന്മാറ ഗ്രാമപഞ്ചായത്തിന്റെ കല്യാണമണ്ഡപം- തിയേറ്റർ സമുച്ചയനിർമാണം തുടങ്ങി ഏഴുവർഷത്തിലേറെയായിട്ടും തീരുന്നില്ല. കോടിക്കണക്കിനുരൂപ ചെലവഴിച്ച് ആരംഭിച്ച പദ്ധതി ഇതുവരെ പൂർത്തിയാകാത്തത് പ്രദേശവാസികളിൽ നിരാശയും പ്രതിഷേധവും ഉയർത്തുകയാണ്.
വക്കാവ് റോഡിൽ നിർമല ഭവൻ സ്കൂളിനു സമീപമുള്ള ഗ്രാമപഞ്ചായത്തിന്റെ 55 സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില കെട്ടിടസമുച്ചയം നിർമിക്കാൻ പദ്ധതി തയ്യാറാക്കിയത്. പഴയ പഞ്ചായത്ത് കല്യാണമണ്ഡപം പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്.
എന്നാൽ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായശേഷം പദ്ധതി മന്ദഗതിയിലാവുകയും പിന്നീട് ഏതാണ്ട് നിലച്ച അവസ്ഥയിലാകുകയുമായിരുന്നു. മുൻ എംഎൽഎ കെ. ബാബുവിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 3.35 കോടി രൂപയാണ് പദ്ധതിയുടെ പ്രധാന ധനസ്രോതസ്. ഇതിൽ ആദ്യഘട്ടമായി അനുവദിച്ച രണ്ടുകോടിരൂപ വിനിയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു. തുടർന്ന് രണ്ടാംഘട്ടമായി ഒരു കോടി രൂപയുടെ പ്രവൃത്തികൾക്കായുള്ള കരാർ നടപടികൾ പ്രഖ്യാപിച്ചെങ്കിലും വിവിധ സാങ്കേതിക- ഭരണപരമായ കാരണങ്ങളാൽ പ്രവർത്തനങ്ങൾ മുന്നോട്ടുപോകാതെ മുടങ്ങുകയായിരുന്നു. കാലാവധി നീട്ടി നൽകുന്നതല്ലാതെ കാര്യമായ നിർമാണ പുരോഗതി പിന്നീടുണ്ടായിട്ടില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. നാലുനിലവരെ ഉയർത്താൻ കഴിയുന്ന രീതിയിൽ 62 തൂണുകൾ സ്ഥാപിച്ചാണ് കെട്ടിടത്തിന്റെ അടിസ്ഥാനഘടന നിർമിച്ചിട്ടുള്ളത്.
ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ ഒരേസമയം 500 പേർക്ക് ഇരിക്കാവുന്ന വിശാലമായ ഹാൾ, രണ്ടാംനിലയിൽ ആധുനിക സൗകര്യങ്ങളുള്ള കല്യാണമണ്ഡപം, താമസസൗകര്യമുള്ള മുറികൾ, മുകൾനിലകളിൽ മിനി തിയേറ്ററുകൾ എന്നിവ ഉൾപ്പെടുന്ന ബഹുമുഖ സമുച്ചയമാണ് പദ്ധതിയിട്ടിരുന്നത്.
കൂടാതെ ഭക്ഷണശാല, അടുക്കള, അനുബന്ധ ഹാളുകൾ തുടങ്ങിയവയുടെ നിർമാണവും അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് പണികൾ നിലച്ചത്. പദ്ധതി വൈകുന്നതോടെ കുറഞ്ഞ ചെലവിൽ പഞ്ചായത്ത് കല്യാണമണ്ഡപം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന സാധാരണക്കാരായ കടുംബങ്ങൾ ഏറെ നിരാശയിലാണ്.
നിർമാണം പൂർത്തിയാക്കുന്നതിനായി അടിയന്തര ഇടപെടൽ നടത്തുമെന്ന് നെന്മാറ എംഎൽഎ കെ. പ്രേമൻ അറിയിച്ചു. കല്യാണമണ്ഡപ നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ കരാറുകാർ, സാങ്കേതിക വിദഗ്ധർ, ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് ഉടൻ യോഗം വിളിച്ചുചേർക്കുമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ പൂർത്തിയാക്കി കെട്ടിടം ജനങ്ങൾക്ക് സമർപ്പിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിക്ക് ആവശ്യമായ തുടർധനസഹായം ലഭിക്കുന്ന മുറയ്ക്ക് ബാക്കി ജോലികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.സി. സുനിൽ വ്യക്തമാക്കി.
നിർമ്മാണ സാമഗ്രികളുടെ വില ഗണ്യമായി വർധിച്ചതിനാൽ നിലവിലെ സാഹചര്യത്തിന് അനുസൃതമായി പുതുക്കിയ എസ്റ്റിമേറ്റും നിരക്കുകളും അംഗീകരിക്കേണ്ടതുണ്ടെന്നാണ് ബന്ധപ്പെട്ടർ പറയുന്നത്. ആവശ്യമായ ഭരണാനുമതികൾ ലഭിച്ചാൽ മാസങ്ങൾക്കുള്ളിൽ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരാറുകാരുടെ പ്രതിനിധികൾ സൂചിപ്പിക്കുന്നത്
Tags : The wedding Nttuvishesham Distict news