പ്രതീകാത്മക ചിത്രം
മണ്ണാർക്കാട്: തച്ചനാട്ടുകര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ വരുന്നതും തമ്പടിക്കുന്നതും നാട്ടുകാർക്ക് ദുരിതമാകുന്നു. നാട്ടുകൽ ആശുപത്രിപ്പടിയിൽ കോഴിവണ്ടി ഡ്രൈവറായിരുന്ന മനോജ് കൊടക്കാടിനെ തെരുനായ ആക്രമിച്ച് മുറിവേൽപ്പിച്ചു. വണ്ടി നിർത്തി ബൈക്ക് എടുക്കാൻ വേണ്ടി വരുമ്പോഴാണ് പുറകേവന്ന് തെരുവുനായ കടിച്ചത്.
ആലപ്പുഴ സ്വദേശിയായ മനോജ് ആദ്യം പെരിന്തൽമണ്ണയിലെ ആശുപത്രിയിലും തുടർന്ന് മഞ്ചേരിയിലെ ആശുപത്രിയിലും ചികിത്സ തേടി. പുത്തൂർ മുതലമ്പാടത്ത് ഒരു പെൺകുട്ടിക്കും നായയുടെ കടിയേറ്റു. ബസ് ഇറങ്ങി നടന്നുപോകുമ്പോൾ പുറകിൽവന്ന് കടിക്കുകയാണുണ്ടായത്. പെൺകുട്ടി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നാട്ടുകൽ ടിപ്പുസുൽത്താൻ റോഡിൽ പട്ടംതൊടി സെത്തിന് തെരുവുനായയുടെ കടിയേറ്റു. മഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കടിച്ച നായ പ്രദേശത്തെ മറ്റൊരു നായയേയും കടിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.