അരുവിക്കാട് എസ്റ്റേറ്റില്‍ നാട്ടുകാര്‍ കടുവയെ കണ്ടപ്പോള്‍. അതു വഴി എത്തിയ വാഹനത്തില്‍ നിന്നും പകര്‍ത്തിയത്.
മൂന്നാര്‍: മൂന്നാറില്‍ എസ്റ്റേറ്റ് ആശുപത്രി കെട്ടിടത്തിനു സമീപമെത്തിയ കടുവ പ്രദേശത്ത് പരിഭ്രാന്തി പടര്‍ത്തി. മൂന്നാര്‍ അരുവിക്കാട് ടോപ്പ് ഡിവിഷനിലുള്ള എസ്റ്റേറ്റ് ആശുപത്രിക്കു സമീപമാണ് കടുവ എത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് കടുവ എത്തിയത്.
അതുവഴി എത്തിയ വാഹനത്തിലുള്ളവരാണ് കടുവയെ കണ്ടത്. കടുവയെ കണ്ടതോടെ വിവരം തൊഴിലാളികള്‍ ഫോണ്‍ വഴിയായി പരസ്പരം കൈമാറി. ജനവാസ മേഖലയോടു തൊട്ടുചേര്‍ന്നുള്ള സ്ഥലത്ത് കടുവയെ കണ്ടതോടെ പ്രദേശവാസികള്‍ കടുത്ത ഭീതിയിലാണ്.
അരുവിക്കാട് എസ്റ്റേറ്റില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കാട്ടാനകളുടെ സാന്നിധ്യം രൂക്ഷമായി തുടരുകയാണ്. അതിനു പിന്നാലെയാണ് കടുവയെക്കൂടി കണ്ടത്. കാട്ടുപോത്തും ഇടയ്ക്കിടയ്ക്ക് ഇറങ്ങുന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്.
വന്യജീവി സാന്നിധ്യം തടയാന്‍ വനം വകുപ്പിന്റെ നടപടികള്‍ ഒന്നും ഫലം കാണാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.