നയനാനന്ദകരം മനോഹരം.... ചെങ്ങറ ഹാരിസണ്‍ മലയാളം പ്ലാന്റേഷനുള്ളിലെ വെള്ളച്ചാട്ടം.
പ്രകൃതിയുടെ നിശബ്ദസംഗീതം; കാനനഭംഗിയില്‍ ചെങ്ങറ
കോന്നി: പ്രകൃതിസൗന്ദര്യവും ശാന്തമായ അന്തരീക്ഷവും കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ചെങ്ങറ വെള്ളച്ചാട്ടം ജില്ലയിലെ പ്രമുഖ ഇക്കോ ടൂറിസം പദ്ധതിയില്‍ ഇനിയും ഉള്‍പ്പെട്ടിട്ടില്ല. കോന്നിക്ക് സമീപം പച്ചപ്പ് നിറഞ്ഞ വനമേഖലകള്‍ക്കും കുന്നിന്നിരകള്ക്കും നടുവിലാണ് പാറക്കെട്ടുകളിലൂടെ പതഞ്ഞൊഴുകുന്ന ഈ മനോഹര വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മഴക്കാലത്തും അതിനുശേഷമുള്ള മാസങ്ങളിലും സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
നാടന്‍ ഭംഗിയും സാഹസികതയും നിറഞ്ഞ ഇവിടം ട്രെക്കിംഗിനും ഫോട്ടോഗ്രഫിക്കും ഏറെ അനുയോജ്യമാണ്. സമീപത്തുള്ള കോന്നി ആനക്കൂട്, അടവി കുട്ടവഞ്ചി സവാരി എന്നിവയ്ക്കൊപ്പം ചെങ്ങറയെക്കൂടി ഉള്‍പ്പെടുത്തി ഒരു ടൂറിസം സര്‍ക്യൂട്ട് രൂപീകരിച്ചാല്‍ പ്രദേശത്തിന്റെ വികസനത്തിന് അത് വലിയ രീതിയില്‍ തുണയാകും. കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ, മാലിന്യ നിര്‍മാര്‍ജനം, യാത്രാസൗകര്യങ്ങള്‍ എന്നിവ ഒരുക്കിയാല്‍ പ്രാദേശികവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ചെങ്ങറയെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്താനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഇക്കോ ടൂറിസം വികസനം
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള നടപ്പാതകള്‍, വിശ്രമകേന്ദ്രങ്ങൾ, സുരക്ഷാവേലികള്‍ എന്നിവ ഒരുക്കിയാല്‍ കൂടുതല്‍ സഞ്ചാരികള്‍ ചെങ്ങറിയിലേക്കെത്തും പ്രദേശത്തെ കുന്നിന്‍നിരകളും വനപാതകളും സാഹസിക യാത്രകള്‍ക്കും പ്രകൃതിപഠന ക്യാമ്പുകള്‍ക്കും അനുയോജ്യമാണ്.
ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രാദേശികവാസികള്‍ക്ക് ഗൈഡുകളായും ഹോംസ്റ്റേകള്‍ വഴിയും നാടന്‍ ഭക്ഷണശാലകള്‍ ആരംഭിച്ചും മികച്ച വരുമാനമാര്‍ഗം കണ്ടെത്താനാകും. സമീപത്തുള്ള കോന്നി ആനക്കൂട്, അടവി കുട്ടവഞ്ചി സവാരി എന്നിവ സന്ദര്‍ശിക്കുന്ന സഞ്ചാരികളെ ചെങ്ങറയിലേക്ക് കൂടി ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ ഇതൊരു പ്രധാന ടൂറിസം സര്‍ക്യൂട്ടായി മാറും.
അടിസ്ഥാനസൗകര്യ വികസനമാണ് ചെങ്ങറ നേരിടുന്ന പ്രധാന പ്രതിസന്ധി. പ്രദേശത്തേക്കുള്ള റോഡ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. പ്രകൃതിദത്തമായ ഭംഗി നിലനിര്‍ത്തിക്കൊണ്ടുതന്നെ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയാല്‍ പ്രാദേശിക സാധ്യതകളും ഏറെ മുന്നിലെത്തും.
പത്തനംതിട്ടയില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് കുമ്പഴ, അട്ടച്ചാക്കല്‍ വഴി ചെങ്ങറ എസ്റ്റേറ്റില്‍ എത്തി വെള്ളച്ചാട്ടത്തിലേക്ക് പോകാം. കോന്നി ആനത്താവളത്തിലെത്തുന്ന സഞ്ചാരികള്‍ക്കും വെട്ടൂര്‍ - കുമ്പഴ റോഡിലുടെ സഞ്ചരിച്ച് അട്ടച്ചാക്കല്‍ വഴി ചെങ്ങറയില്‍ എത്താം. നിലവില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ ഭൂപ്രദേശം. തമിഴ് ക്ഷേത്രങ്ങളും പഴയ ബ്രട്ടീഷ് പ്രൗഢിയിലുള്ള ബംഗ്ലാവുകളും പഴയ കെട്ടിടങ്ങളും റബര്‍ കാടുകളും കൈതത്തോട്ടങ്ങളും കൊക്കോത്തോട്ടങ്ങളും പുലര്‍കാലത്തേയും സായാഹ്നത്തിലെയും കാഴ്ചകളും യാത്രയ്ക്ക് നയനാനന്ദകരമാകും.
പ്രതികരണം...
ഇക്കോ ടൂറിസം പദ്ധതികള്‍ നടപ്പാക്കണം
ചെങ്ങറയ്ക്ക് മികച്ചൊരു ടൂറിസം സാധ്യതയാണുള്ളത്. എന്നാല്‍ ഇക്കോ ടൂറിസം പദ്ധതികള്‍ പ്രയോജനപ്പെടുത്തണമെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ പിന്തുണ ആവശ്യമാണ്. ചെങ്ങറയിലെ ലയങ്ങൾ, ബംഗ്ലാവുകള്‍, ഹാരിസണ്‍ എസ്റ്റേറ്റിലെ മറ്റ് കെട്ടിടങ്ങള്‍ എന്നിവ നവീകരിച്ച് ഹോം സ്റ്റേകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാക്കി മാറ്റാന്‍ സര്‍ക്കാര്‍ ഇടപെടണം. ഇത് പ്രദേശവാസികള്‍ക്ക് വലിയൊരു തൊഴില്‍ അവസരം ന്കുകയും ചെങ്ങറയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും. അടവി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയുള്ള പദ്ധതികളും ഉണ്ടാകണം.
പി. എം. സാമുവേൽ, പ്ലാംതോട്ടത്തിൽ, ചെങ്ങറ.
സാമൂഹിക പ്രവര്ത്തകൻ.