മഞ്ചേരി നെല്ലിപ്പറന്പിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചു കയറിയ നിലയിൽ.
മഞ്ചേരി: മഞ്ചേരി നെല്ലിപ്പറന്പിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. കോഴിക്കോട് മർക്കസ് നോളജ് സിറ്റിയിലെ വിദ്യാർഥികളുമായി പാലക്കാട്ടേക്ക് ഇൻഡസ്ട്രിയൽ വിസിറ്റിന് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും മഞ്ചേരി മാർക്കറ്റിൽനിന്ന് തക്കാളി ലോഡുമായി അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ദോസ്ത് പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ വാൻ ഡ്രൈവർക്കും ബസിലെ യാത്രക്കാരായ വിദ്യാർഥികൾക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവർ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബസ് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചുകയറി. നെല്ലിപ്പറന്പിലെ മസ്ജിദിന്റെ മതിൽ, ഗേറ്റ്, ചുമര് എന്നിവ തകർത്താണ് കടയിലേക്ക് കയറിയത്.
മസ്ജിദിന് നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു. മരത്താണി സ്വദേശിയായ ഷാനവാസിന്റെ ഫാൻസി-സ്റ്റേഷനറി കടയുടെ മുൻഭാഗത്തെ ഗ്ലാസ്, മുകളിലെ ഷീറ്റ് എന്നിവ തകർന്നു. ഏകദേശം 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഷാനവാസ് പറഞ്ഞു. മഞ്ചേരിയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി റോഡ് വൃത്തിയാക്കി. മഞ്ചേരി പോലീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ ഗതാഗതം പുന:സ്ഥാപിച്ചു.
Tags : Local News Nattuvishesham Malappuram