തൃശൂർ കുറുപ്പം റോഡിൽ കാന നിർമാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ ഫ്ലക്സ് സ്ഥാപിച്ചപ്പോൾ.
തൃശൂർ: കുറുപ്പംറോഡിലെ കാന നിർമാണം അടിയന്തരമായി പുനരാരംഭിക്കണമെന്ന ആവശ്യവുമായി വ്യാപാരികൾ. നിർമാണം നിലച്ചിട്ടു ദിവസങ്ങൾ പിന്നിട്ടിട്ടും പ്രവൃത്തി പുനരാരംഭിക്കുന്നതിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണു വ്യാപാരികൾ രംഗത്തെത്തിയത്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചെട്ടിയങ്ങാടി യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമാണം നിർത്തിയ നടപ്പാതയിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു.
മഴ വീണ്ടും ശക്തമാകുന്നതിനുമുൻപ് നിർമാണം പൂർത്തിയാക്കണമെന്നാണു വ്യാപാരികളുടെ ആവശ്യം. മഴയിൽ കുറുപ്പംറോഡിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയാണു വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ കാലങ്ങളിൽ വെള്ളക്കെട്ട് വ്യാപാരസ്ഥാപനങ്ങളെയും ഗതാഗതത്തെയും ബാധിച്ചിരുന്നു.
നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി വ്യാപാരികൾ രംഗത്തെത്തിയതിനെത്തുടർന്നാണ് നിലവിൽ പ്രവൃത്തി താൽക്കാലികമായി നിർത്തിവച്ചത്. നിർമാണരീതിയിലും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള സംവിധാനത്തിലും വ്യാപാരികൾ ആശങ്ക ഉയർത്തിയിരുന്നു. ഇതോടൊപ്പം നിർമാണം ഇഴഞ്ഞുനീങ്ങുന്നതു വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തെയും ബാധിച്ചിരുന്നു.
വിഷയത്തിൽ മേയർ ഇടപെട്ടതിനെത്തുടർന്നാണു നിർമാണം നിർത്തിവച്ചത്. എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ച് പ്രവൃത്തി എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതാണ് ഇപ്പോഴത്തെ പ്രധാന ആശങ്ക.
Tags : Nattuvishesham DistrictNews DeepikaNews Kuruppam Road.