കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ അബിന്‍ വര്‍ക്കി എംഎല്‍എ പ്രസംഗിക്കുന്നു.
പത്തനംതിട്ട: നഗരത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തീകരിച്ച് വ്യാപാര മേഖലയ്ക്കുണ്ടായിരിക്കുന്ന സ്തംഭനാവസ്ഥയ്ക്കു പരിഹാരം കാണണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി.
നഗരത്തിലെ കുടിവെള്ള ക്ഷാമത്തിനു ശാശ്വതപരിഹാരം കാണുന്നതിന് മണിയാര്‍ ജലപദ്ധതിയില്നിന്ന് വെള്ളം എത്തിക്കണമെന്നും താത്കാലിക വ്യാപാരമേളകള്‍ നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനം ഏകോപനസമിതി അബിന്‍ വര്‍ക്കി എംഎല്‍എയ്ക്കു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. അബിന്‍ വര്‍ക്കിക്കു നല്കിയ സ്വീകരണത്തോടനുബന്ധിച്ചാണ് നിവേദനം നല്‍കിയത്.
അബാന്‍ മേല്‍പാലം, ജനറല്‍ ആശുപത്രി നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും കുടിവെള്ളക്ഷാമം, റോഡ് വികസനം എന്നിവയ്ക്കു മുന്‍ഗണന നല്‍കുമെന്നും നിവേദനത്തിനു മറുപടിയായി എംഎല്‍എ പറഞ്ഞു.
സ്വീകരണ സമ്മേളനം ജില്ലാ പ്രസിഡന്റ് പ്രസാദ് ജോണ്‍ മാമ്പ്ര ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട യൂണിറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് ഷാജി മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഏബ്രഹാം പരുവാനിക്കല്‍, ജില്ലാ ട്രഷറര്‍ കെ.എസ്. അനില്‍കുമാര്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി അലിഫ്ഖാന്‍, ട്രഷറര്‍ ബെന്നി ഡാനിയേല്‍, സാബു ചരിവുകാലയില്‍, ലീന വിനോദ്, സൂര്യ ഗിരീഷ്, സുബല ലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.