ട്രാഫിക് അവലോകന യോഗം റാഷിദ് ഉള്ളംപിള്ളി ഉദ്ഘാടനം ചെയ്യുന്നു.
കാക്കനാട്: വള്ളത്തോൾനഗർ ,ഇടച്ചിറ, ഓലിമുകൾ, കളക്ടറേറ്റ്, ചിറ്റേത്തുകര,ടിവി സെന്റർ, ഐഎംജി, അത്താണി, നിലംപതിഞ്ഞി മുകൾ, ഇടച്ചിറ ഇൻഫോപാർക്ക്, എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള മാർഗനിർദേശങ്ങൾ ആരായുന്നതിന് ബന്ധപ്പെട്ടവരുടെ അവലോകന യോഗം നഗരസഭാ കൗൺസിൽ ഹാളിൽ നടന്നു.
നാറ്റ്പാക് പഠന സന്നദ്ധത അറിയിച്ചെങ്കിലും ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൗൺസിലിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി പറഞ്ഞു.
തൃക്കാക്കര നഗരസഭയിൽ ഇന്നലെ ചേർന്ന യോഗത്തിൽ കെഎംആർഎൽ , കെ എസ് ഇബി, പിഡബ്ല്യുഡി, ആർബിഡിസി, പൊലിസ്, ട്രാഫിക് പ്രതിനിധികൾ പങ്കെടുത്തു. സ്മാർട് സിറ്റി വരെ നീളുന്ന മെട്രോ റയിൽ കടന്നുപോകുന്ന ഇരുപത്പ്രധാന ജംഗ്ഷനുകളിലും സർവീസ് റോഡുകളിലും നിലവിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള പഠനവും സർവേയും നടത്താൻ സന്നദ്ധതയറിയിച്ച നാറ്റ്പാക്കിന് ചുമതല നൽകുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
നഗരസഭാ പരിധിയിലെയും സമീപപ്രദേശങ്ങളിലെയും ട്രാഫിക് ബ്ലോക്ക് അടിയന്തിരമായി പരിഹരിക്കുന്നതിന് വേണ്ട നിർദേശങ്ങൾ തൃക്കാക്കര എസിപി (ട്രാഫിക്) ബിജോയ് ചന്ദ്രൻ യോഗത്തിൽ വിശദീകരിച്ചു.
കാക്കനാട് ഇൻഫോപാർ ക്ക് റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നാറ്റ്പാക് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ടോപ്പോഗ്രാഫിക് സർവേ നടത്തുന്ന കാര്യത്തിലും തീരുമാനമായില്ല.
കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി, വൈസ് ചെയർപേഴ്സൺ ഷറീന ഷുക്കൂർ, സ്ഥിരം സമിതി അധ്യക്ഷരായ എം.എസ്. അനിൽകുമാർ, ടിനു ജിപ്സൺ, എം.ടി ഓമന, ടി.ടി ബാബു, എം. എസ്. സുജിത്, കൗൺസിലർമാരായ വി.കെ. പ്രശാന്ത്, സൻഷമിജു, പി.എ. തോമസ്, എം.ടി. ഓമന, സി.എ. നിഷാദ് നാറ്റ്പാക് സീനിയർ സയന്റിസ്റ്റ് അനിഷ് കിണി, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ മരിയവിറോണി, എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക് എന്നിവർ പങ്കെടുത്തു.
Tags : Traffic congestion