നെല്ലിയാമ്പതി റോഡിലെ മരപ്പാലത്തിനുസമീപം റോഡിലേക്കു പതിച്ച പാറക്കല്ല്.
നെല്ലിയാമ്പതി: കാലവർഷം ശക്തമായതോടെ നെന്മാറ- നെല്ലിയാമ്പതി മലമ്പാതയിൽ മരങ്ങളും പാറക്കല്ലുകളും റോഡിലേക്കു പതിക്കുന്നത് പതിവാകുന്നു.
കഴിഞ്ഞദിവസം കുണ്ടർചോല പാലത്തിനും മരപ്പാലത്തിനും സമീപം വ്യത്യസ്ത സമയങ്ങളിലുണ്ടായ രണ്ടുസംഭവങ്ങൾ മണിക്കൂറുകൾക്കുള്ളിൽ ഗതാഗതത്തെ ബാധിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ സമയോചിത ഇടപെടലിനെ തുടർന്നാണ് ഗതാഗതം വേഗത്തിൽ പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്.
ഇന്നലെ രാവിലെ എട്ടോടെ കുണ്ടർചോല പാലത്തിനുസമീപം വലിയമരം റോഡിനുകുറുകെ വീണതിനെതുടർന്ന് ചുരംപാതയിലൂടെയുള്ള വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു. ഇരുഭാഗങ്ങളിലും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുകയും യാത്രക്കാർ ഏറെനേരം കാത്തുനിൽക്കേണ്ട സാഹചര്യവുമുണ്ടായി. കൈകാട്ടിയിൽ താൽക്കാലികമായി ക്യാമ്പ് ചെയ്യുന്ന ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സംഘം സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. ഏകദേശം ഒരുമണിക്കൂറിനുശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്. ഇതിനിടെ ഇന്നലെ ഉച്ചയോടെ മരപ്പാലത്തിനുസമീപം മലമുകളിൽനിന്ന് വലിയ പാറക്കല്ല് റോഡിലേക്കുപതിച്ചു. വീണ്ടും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പാറക്കല്ല് നീക്കംചെയ്തു.
മഴ ശക്തമായി തുടരുന്നതിനാൽ മലയോര മേഖലയിലെ മണ്ണിടിച്ചിൽ, മരങ്ങൾ കടപുഴകി വീഴൽ, പാറക്കല്ലുകൾ ഇളകിവീഴൽ തുടങ്ങിയ അപകടസാധ്യതകൾ വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലും സമാനമായ സംഭവങ്ങൾ ഗതാഗതത്തെ ബാധിച്ചിരുന്ന സാഹചര്യത്തിൽ, ഇത്തവണയും നെല്ലിയാമ്പതി ഒറ്റപ്പെടുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികളും വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ടവരും.
ചുരം പാതയിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ശക്തമായ മഴയുള്ള സമയങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ തുടർച്ചയായ നിരീക്ഷണവും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയർ ഫോഴ്സിന്റെ സേവനവും സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Tags : Nattuvishesham District news