തൊടുപുഴ: മിനി സിവില്സ്റ്റേഷനിലെത്തുന്നവര്ക്ക് തണലും ശീതളിമയും നല്കി പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന ആല്മരങ്ങളില് പതിഞ്ഞിരിക്കുന്നത് ഒരു കൂട്ടം പ്രകൃതി സ്നേഹികളുടെ കൈയൊപ്പ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പരിസ്ഥിതി ദിനത്തില്‍ സിവില്‍ സ്റ്റേഷന് വളപ്പില്‍ തൈകള്‍ നട്ട ശേഷം ഇവയുടെ പരിപാലനത്തിനായി ഇടയ്ക്കിടെ എത്തുന്നതും ഇവരുടെ പതിവായിരുന്നു. എല്ലാ പരിസ്ഥിതി ദിനത്തിലും ഇവിടെ ഒത്തുകൂടി വൃക്ഷങ്ങളുടെ ജന്മദിനം ആഘോഷിക്കുന്നതും ഈ കൂട്ടായ്മയുടെ പ്രത്യേകതയാണ്.
തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്സ് ക്ലബ്ബാണ് ഈ ഉദ്യമത്തിനു നേതൃത്വം നല്‍കുന്നത്. 2012 ജൂണ്‍ അഞ്ചിനാണ് സിവില്‍ സ്റ്റേഷന് വളപ്പില്‍ തണലേകാനായി ആല്മരങ്ങള് നട്ടത്. വെള്ളമൊഴിച്ചും വളമേകിയും മരങ്ങളുടെ വളര്‍ച്ച ക്ലബ് അംഗങ്ങള്‍ നിരീക്ഷിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ തൈകള്‍ നശിപ്പിക്കാതിരിക്കാന്‍ വേലി കെട്ടി സംരക്ഷിച്ചു. മരങ്ങള്‍ വളര്‍ന്നു വലുതായതോടെ ഇതില്‍ പേരും നട്ട വര്‍ഷവും എഴുതി പ്രദര്‍ശിപ്പിച്ചു.
14 വര്‍ഷമായി ക്ലബ് അംഗങ്ങള്‍ മരങ്ങളുടെ ജന്മദിനം ആഘോഷിച്ചുവരുന്നു. മരങ്ങളുടെ വയസിന്റെ കണക്ക് പ്രകാരം മെഴുകുതിരികള്‍ തെളിച്ചാണ് ജന്മദിനാഘോഷം നടത്തുന്നത്. ആഘോഷത്തില്‍ കൃഷി, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സിവില്‍ സ്റ്റേഷനിലെ ജീവനക്കാരുടെ സജീവ പങ്കാളിത്തമുണ്ട്.
ആല്‍മരത്തിനു പുറമേ സിവില്‍ സ്റ്റേഷന് വളപ്പ് വര്‍ണാഭമാക്കാന്‍ കോളാമ്പിച്ചെടികളും ഇന്‍ഡോര്‍ പ്ലാന്റുകളും ഓക്സിജന്റെ അളവു വര്‍ധിപ്പിക്കുന്ന ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഫാര്‍മേഴ്സ് ക്ലബ് പ്രസിഡന്റ് ടോം ചെറിയാന്, സെക്രട്ടറി രാജീവ് പാടത്തില്‍, ട്രഷറര്‍ ഷൈജോ ചെറുനിലം എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.