മലപ്പുറം: 52 ദിവസത്തെ ട്രോളിംഗ് നിരോധനത്താല്‍ ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയില്‍. സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വറുതിയുടെ പഞ്ഞമാസമാണ് ട്രോളിംഗ് നിരോധന കാലം.
യന്ത്രവത്കൃത ബോട്ടുകള്‍ക്ക് പൂര്‍ണ വിലക്കുള്ളതിനാല്‍ വലിയ ബോട്ടുകളിലെ തൊഴിലാളികള്‍, ഹാര്‍ബറിലെ ചുമട്ടുതൊഴിലാളികള്‍, ഐസ് പ്ലാന്റ്് ജീവനക്കാര്‍ എന്നിവര്‍ക്ക് 52 ദിവസം യാതൊരു വരുമാനവും ലഭിക്കാത്ത സ്ഥിതിയാണ്.
ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത വള്ളങ്ങള്‍ക്കും ഇന്‍ബോര്‍ഡ് ഔട്ട്ബോര്‍ഡ് തോണികള്‍ക്കും കടലില്‍ പോകാന്‍ അനുമതിയുണ്ട്. എന്നാല്‍ മണ്‍സൂണ്‍ കാലമായതിനാല്‍ കടല്‍ കാലാവസ്ഥ പലപ്പോഴും പ്രതികൂലമായിരിക്കും.
വലിയ തിരമാലകളും ശക്തമായ കാറ്റും കാരണം പല ദിവസങ്ങളിലും കടലില്‍ പോകരുതെന്ന് അധികൃതരുടെ ജാഗ്രതാ നിര്‍ദേശവുമുണ്ടാകും. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ആഗ്രഹിച്ച പോലെ തൊഴിലെടുക്കാന്‍ സാധിക്കാറില്ല.
ഈ കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വലിയൊരു ആശ്വാസമാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സൗജന്യ റേഷനും സാമ്പത്തിക സഹായ പദ്ധതികളും. ട്രോളിംഗ് നിരോധനം മൂലം ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ 52 ദിവസത്തെ സൗജന്യ റേഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ മറ്റ് ആനുകൂല്യങ്ങളൊന്നും സമയബന്ധിതമായി ലഭിക്കാറില്ല.
ജില്ലയില്‍ 70 കിലോമീറ്ററോളം നീളത്തിലാണ് കടല്‍ത്തീരം. പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി കൂട്ടായി, പാലപ്പെട്ടി, വക്കപ്പടി തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന തീരദേശ കേന്ദ്രങ്ങള്‍.
ഇതില്‍ പൊന്നാനി, താനൂര്‍ ഹാര്‍ബറുകള്‍ മലബാറിലെ തന്നെ പ്രധാന മീന്‍പിടുത്ത കേന്ദ്രങ്ങളാണ്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ളവയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളുള്ള മൂന്നാമത്തെ ജില്ലയാണ് മലപ്പുറം.
കടലില്‍ മത്സ്യബന്ധനം നടത്തുന്ന 15,000ത്തിലധികം ഔദ്യോഗിക മത്സ്യത്തൊഴിലാളി കുടുംബങ്ങളുണ്ട് ജില്ലയിലുണ്ട്.
Tags : Local News Nattuvishesham Malappuram