കാടുകയറ്റിയ കാട്ടാന വീണ്ടും മൂലേപ്പാടം ജനവാസ മേഖലയിൽ.
നിലന്പൂർ: വനംവകുപ്പ് കാടുകയറ്റിയ മോഴയാന വീണ്ടും ജനവാസമേഖലയിൽ. മൂലേപ്പാടം നിവാസികൾ ഭീതിയിൽ. മന്ത്രി പി.കെ. ബഷീറിന്റെ മണ്ഡലമായ ഏറനാട് നിയോജക മണ്ഡലത്തിലെ ചാലിയാർ പഞ്ചായത്ത് മൂലേപ്പാടത്തെ ജനവാസമേഖലയിലാണ് അപകടകാരിയായ മോഴയാന നിലയുറപ്പിച്ചത്.
രണ്ടുദിവസം മുന്പ് വനംവകുപ്പ് ആനയെ മൂവായിരം വനമേഖലയിലേക്ക് കയറ്റിവിട്ടിരുന്നു. തുടർന്ന് ഞായറാഴ്ച രാത്രി എട്ടോടെയാണ് കാട്ടാന മൂലേപ്പാടം എച്ച് ബ്ലോക്കിൽ എത്തിയത്.
പ്രദേശത്ത് അടുപ്പുകല്ലേൽ ബെന്നിയുടെ വീടിന് സമീപത്താണ് കാട്ടാനയെ ആദ്യം കാണപ്പെട്ടത്.
തുടർന്ന് സമീപത്തെ വീടുകളുടെ ഭാഗങ്ങളിലേക്കുമെത്തി. വനപാലകർ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കാട്ടാനയെ സമീപത്തെ വനമേഖലയിലെ കയറ്റിവിട്ടത്.