നെടുങ്കണ്ടം: തേവരാംമെട്ട് ഭോജന് കമ്പനിയില്‍ പിതൃസഹോദരനെ കൊലപ്പെടുത്തിയ ഇരട്ട സഹോദരന്മാരെ കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് ഭോജന് കമ്പനി പ്രദേശത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ മുരുകേശന് (55) കൊല്ലപ്പെട്ടത്.
മുരുകേശന്റെ സഹോദരപുത്രന്മാരായ ഭുവനേശ്വര്‍, വിഗ്നേശ്വര്‍ എന്നിവര്‍ വീട്ടില്‍ എത്തുകയും മുരുകേശനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ഒരാള്‍ മുരുകേശനെ പിടിച്ചുനിര്‍ത്തുകയും മറ്റേയാള്‍ കൃത്യം നടത്തിയെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തിനു ശേഷം പ്രതികള്‍ രണ്ടു വഴിക്ക് ഓടി രക്ഷപ്പെട്ടു.
ഭുവനേശ്വര്‍ സമീപത്തെ കടയില്‍ സിഗരറ്റും വാങ്ങിയ ശേഷമാണ് രക്ഷപ്പെട്ടത്.കൊല്ലപ്പെട്ട മുരുകേശന്റെ ഫോണ്‍ ഉപയോഗിച്ച് കൃത്യം നടത്തിയ വിവരം പ്രതികള്‍ ബന്ധുക്കളെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന ഉടന്‍തന്നെ നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പിടികൂടുകയുമായിരുന്നു.
അതിര്‍ത്തിമേഖലയിലെ ഏലത്തോട്ടത്തിലെ ജോലിക്കാരായ മൂവരും തമിഴ്നാട് കോംബൈ സ്വദേശികളാണ്. പ്രതികള്‍ക്കെതിരേ തമിഴ്നാട്ടിലും വിവിധ കേസുകളുണ്ട്. ഇവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ പോലീസിനു കൈമാറിയിരുന്നത് മുരുകേശനാണെന്നാണ് ഇവര്‍ കരുതിയിരുന്നത്. ഇതും സാമ്പത്തിക തര്‍ക്കങ്ങളുമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു.
അമിതമായി മദ്യപിച്ചാണ് ഇരട്ടകളായ പ്രതികള്‍ സംഭവസ്ഥലത്ത് എത്തിയത്. കൃത്യം നടക്കുന്ന സമയം മുരുകേശനൊപ്പം ഒരു കൊച്ചുകുട്ടിയും വീട്ടില്‍ ഉണ്ടായിരുന്നു. കുട്ടിയെയും ഇവര്‍ ഭീഷണിപ്പെടുത്തി.
Tags : nattu vishesham custody for murdering Twin brothers