പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് കൺവൻഷനു ശേഷം സ്ഥാനാർഥികളുമായി യുഡിഎഫ് ചക്കിട്ടപാറ ടൗണിൽ നടത്തിയ പ്രകടനം.
ചക്കിട്ടപാറ: മാറ്റം എന്ന മുദ്രാവാക്യത്തിലൂന്നി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് തിരിച്ചു പിടിക്കാൻ തയാറായി യുഡിഎഫ്. ത്രിതല പഞ്ചായത്ത് സ്ഥാനാർഥികളുടെ വിജയത്തിന് ആഹ്വാനം ചെയ്ത് നടന്ന തെരഞ്ഞെടുപ്പ് കൺവൻഷൻ ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കുന്നവരെ മർദ്ദിച്ചൊതുക്കാൻ ശ്രമിക്കുന്ന സർക്കാരാണ് കേരളത്തിൽ ഭരണം നടത്തുന്നതെന്നു അദ്ദേഹം പറഞ്ഞു. അതിന്റെ നേർ തെളിവാണ് ഒരു മാസം മുമ്പ് പേരാമ്പ്രയിൽ കണ്ടത്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മും പോലീസും ചേർന്ന് തയാറാക്കിയ അക്രമ തിരക്കഥ യുഡിഎഫിനെ കുടുക്കാനായിരുന്നു. പോലീസിന്റെ അതിക്രമത്തിൽ തന്റെ അടക്കം ഒട്ടേറെ പ്രവർത്തകരുടെ ചോര പേരാമ്പ്രയുടെ മണ്ണിൽ വീണത് സത്യമാണെങ്കിൽ പേരാമ്പ്ര അസംബ്ളി സീറ്റും ഇക്കുറി പിടിച്ചെടുക്കുമെന്നും ഷാഫി പറഞ്ഞു.
പൂഴിത്തോട്- പടിഞ്ഞാറത്തറ- വയനാട് ബദൽ റോഡ് യാഥാർഥ്യമാക്കാൻ പ്രിയങ്കാ ഗാന്ധിയും താനും പാർലമെന്റിലും ബന്ധപ്പെട്ട വിവിധ കേന്ദ്ര വകുപ്പു തലത്തിലും ഊർജിത ശ്രമം നടത്തി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്ന യുഡിഎഫ് നേതാവ് ജോർജ് മുക്കള്ളിൽ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ കെ.എ.ജോസ് കുട്ടി, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ജോർജ്, ആവള ഹമീദ്, റെജി കോച്ചേരി, ബാബു കൂനന്തടം, രാജീവ് തോമസ്, ഗിരിജ ശശി, കെ.കെ. വിനോദൻ, രാജേഷ് കീഴരിയൂർ, കുഞ്ഞമ്മദ് പെരിഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.