തിരുവല്ല: പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളപ്പൊക്കക്കെടുതികള്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി. പത്തുദിവസങ്ങള്‍ മുമ്പ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവരാണ് പലരും.
കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതിനു പിന്നാലെ തിരുവല്ല താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിരുന്നു.ശനിയാഴ്ച രാത്രിവരെയും തിരുവല്ല താലൂക്കില്‍ 86 ദുരിതാശ്വാസ ക്യാമ്പുകളിലായി 2286 ആളുകള്‍ കഴിയുന്നുണ്ട്. ജില്ലയൊട്ടാകെ 113 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്.
നിരണം, നെടുമ്പ്രം, പെരിങ്ങര ഗ്രാമപഞ്ചായത്തുകളിലായി നിരവധി വീടുകളില്‍നിന്ന് ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. ഗ്രാമീണ റോഡുകളിലും വെള്ളക്കെട്ടും ദുരിതവും തുടരുകയാണ്. വെള്ളം ഇറങ്ങാത്ത പ്രദേശങ്ങളിലുള്ളവരാണ് ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ഏറെയും.
വെള്ളം ഇറങ്ങിയ വീടുകളില്‍ ശുചീകരണ ജോലികള്‍ നടന്നുവരികയാണ്. എന്നാല്‍ കുടിവെള്ള സ്രോതസുകള്‍ മലിനപ്പെട്ടത് ശുചീകരിക്കാനാകുന്നില്ല. പ്രളയജലം ഒഴിയാത്തതിനാല്‍ കിണര്‍ വറ്റിക്കുക എളുപ്പമാകില്ല. പൈപ്പ് വെള്ളത്തെയാണ് ഇപ്പോള്‍ ആളുകള്‍ ആശ്രയിക്കുന്നത്.
5509 പേര് ക്യാമ്പുകളില്‍
പത്തനംതിട്ട: ജില്ലയില്‍ 62 ദുരിതാശ്വാസ ക്യാമ്പുകള്‍. 1813 കുടുംബങ്ങളിലെ 5509 പേരാണ് വിവിധ ക്യാമ്പുകളിലായുള്ളത്. ഇവരില്‍ 5253 പേരും തിരുല്ല താലൂക്കിലെ ക്യാമ്പുകളിലാണ്.കോഴഞ്ചേരിയില്‍ നാലും തിരുവല്ലയില്‍ ഒരു ക്യാമ്പും ഉണ്ട്.
നിരണം സെന്റ് മേരീസ് സ്കൂള്‍ ക്യാമ്പില്‍ ഇരുനൂറോളം പേര്
തിരുവല്ല: നിരണം ഗ്രാമപഞ്ചാത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. നിരണം സെന്റ് മേരീസ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പാണ് ജില്ലയില്‍തന്നെ മാതൃകയാകുന്നത്.
പഞ്ചായത്തിലെ എട്ടു വാര്‍ഡുകളിലെ ജനങ്ങള്‍ കഴിയുന്ന ക്യാമ്പില്‍ ഇരുന്നൂറില്പരം ആളുകളാണ് കഴിയുന്നത്. പഞ്ചായത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും വെള്ളം കയറിയപ്പോള്‍ പലര്‍ക്കും ഓടി എത്താന്‍ കഴിഞ്ഞത് നിരണം സെന്റ് മേരീസ് ഹൈസ്കൂളിലാണ്.
നാലു നേരത്തെ ഭക്ഷണവും കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യവും ഉള്‍പ്പെടെ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. കാന്‍സര്‍ രോഗികളും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരും തളര്ന്നുകിടക്കുന്നവരും ഉള്‍പ്പെടെയുള്ളവര്‍ ക്യാമ്പിലുണ്ട്. നിരണം വലിയപള്ളിയുടെ സഹകരണം ക്യാമ്പിന് പ്രചോദനമാകുന്നുണ്ട്.
ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ അലക്സ് പുത്തുപ്പള്ളി, ബിന്ദു ജെ. വൈക്കത്തുശേരി, എം.ബി. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ക്യാമ്പ് നിവാസികളുടെ മാനസികോല്ലാസത്തിനായി വിവിധ കലാപരിപാടികളും നടന്നുവരുന്നു.
വെള്ളം ഇറങ്ങിയില്ല;ഭവാനിയമ്മയുടെ സംസ്കാരം ബന്ധുവീട്ടില്‍
നിരണം: വെള്ളപ്പൊക്കസമയത്ത് വീട്ടില്‍ അകപ്പെട്ട് മരിച്ച വീട്ടമ്മയുടെ സംസ്കാരം ബന്ധുവീട്ടില്‍ നടത്തി. നിരണം രവിഭവനത്തില് കെ.എന്‍. ഭവാനിയമ്മ (98)യുടെ സംസ്കാരമാണ് ഹരിപ്പാട്ടുള്ള ബന്ധു വീട്ടില്‍ നടത്തിയത്.
മകന് രവീന്ദ്രന് നായരുടെ വീടിന്റെ പരിസരത്തെ വെള്ളക്കെട്ട് ഒഴിയാത്തതു കാരണമാണ് ബന്ധുവീട്ടില്‍ സംസ്കാരം നടത്തിയത്. ഞായറാഴ്ച രാവിലെ മകന് രവീന്ദ്രന്‍നായരുടെ നിരണത്തുള്ള ഭവനത്തില്‍ മൃതശരീരം എത്തിച്ചു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും അന്തിമോപചാരം അര്‍പ്പിച്ചശേഷം ഹരിപ്പാട്ടുള്ള മകളുടെ വിട്ടീലേക്ക് കൊണ്ടുപോയി സംസ്കാരം നടത്തി.
കഴിഞ്ഞ ബുധനാഴ്ച രാത്രി വാര്‍ധക്യസഹജമായ രോഗങ്ങള്‍ ഭവാനിയമ്മയ്ക്ക് മൂര്‍ച്ഛിച്ചെങ്കിലും വീടും പരിസരവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടന്ന കാരണത്താല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പഞ്ചായത്തംഗം ബിന്ദു ജെ. വൈക്കത്തുശേരിയെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എന്‍ഡിആര്‍എഫ് ടീമുമായി എത്തി പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചിരുന്നു.
Tags : nattu vishesham Unable to return home even after week