എൻഎസ്എസ് യൂണിറ്റ് വരക്കൽ ബീച്ച് ശുചീകരിച്ചപ്പോൾ.
കോഴിക്കോട്: സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ "കാട്, പുഴ, കടൽ' പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായി വരക്കൽ ബീച്ചിൽ ശുചീകരണ ഡ്രൈവ് സംഘടിപ്പിച്ചു.
കടൽത്തീരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അഴുക്കുകളും നീക്കം ചെയ്ത് തീരം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം നടത്തിയത്. സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. സനീഷ് മാത്യു സിഎംഐയുടെ നേതൃത്വത്തിലാണ് ശുചീകരണ ഡ്രൈവ് സംഘടിപ്പിച്ചത്. വെസ്റ്റ്ഹിൽ 73-ാം വാർഡ് കൗൺസിലർ കെ. സരിത ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോർപറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ. അഭിമന്യു ചടങ്ങിൽ മുഖ്യതിഥിയായി.
എൻഐടി കാലിക്കട്ട് സെന്റർ ഫോർ ഇന്നൊവേഷൻ എന്റർപ്രണർഷിപ്പ് ആൻഡ് ഇൻകുബേഷൻ വിഭാഗം അഡ്ഹോക്ക് ഫാക്കൽറ്റി ഡോ. എ. ധീരാജ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. പി.യു. മേഘ പ്രസംഗിച്ചു. വോളന്റിയർമാരുടെ നേതൃത്വത്തിൽ ബീച്ചിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ കോർപറേഷൻ ആരോഗ്യവിഭാഗത്തിന് കൈമാറി.