കോട്ടയ്ക്കൽ രവി
തിരുവില്വാമല: 14-ാമത് വെങ്കിച്ചൻ സ്വാമി സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മദ്ദള കലാകാരൻ കോട്ടയ്ക്കൽ രവിക്ക് വെങ്കിച്ചൻ പുരസ്കാരവും ചെണ്ട കലാകാരൻ പെരുവനം സതീശൻ മാരാർക്ക് കോന്തസ്വാമി പുരസ്കാരവും നൽകും. കൂടാതെ ഇലത്താളം കലാകാരൻ പാഞ്ഞാൾ വേലുക്കുട്ടി(ചേലക്കര ഉണ്ണികൃഷ്ണൻ നായർ പുരസ്കാരം), കഥകളി സംഗീതജ്ഞൻ കലാനിലയം ഉണ്ണികൃഷ്ണൻ (തിരുവില്വാമല ശിവരാമഭാഗവതർ പുരസ്കാരം), തിമില കലാകാരൻ കലാമണ്ഡലം കോതറ രതീഷ് (തിരുവില്വാമല ഗോപി യുവപ്രതിഭ പുരസ്കാരം), ചെണ്ട കലാകാരൻ കല്ലൂർ നാരായണൻകുട്ടി (അപ്പുണ്ണി പൊതുവാൾ പുരസ്കാരം) എന്നിവരും ഈ വർഷത്തെ പുരസ്കാരങ്ങൾക്ക് അർഹരായി.
7,777 രൂപയും ഫലകവുമാണ് വെങ്കിച്ചൻ പുരസ്കാരത്തിന് നൽകുന്നത്. മറ്റു പുരസ്കാരങ്ങൾ 5,001 രൂപയും ഫലകവും നൽകും. പഠനകേന്ദ്രം രക്ഷാധികാരി തിരുവില്വാമല ഹരി, പ്രസിഡന്റ് കെ. ജയപ്രകാശ് കുമാർ, സെക്രട്ടറി രാമു മലവട്ടം, ട്രഷറർ സൂരജ് മാരാർ, തിരുവില്വാമല ഉണ്ണികൃഷ്ണൻ, തിരുവില്വാമല ശങ്കർ, ആനന്ദകുമാരൻ, വിഷ്ണു അജിത്ത് എന്നിവരാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സെപ്റ്റംബർ അഞ്ചിന് ശ്രീവില്വാദ്രിനാഥ ക്ഷേത്രം അന്നദാനമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.