മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിൽ വാട്ടർമീറ്റർ റീഡർമാരെ നിയമിക്കുന്നതിനെചൊല്ലി ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കുതർക്കം. നിലവിലു ണ്ടായിരുന്ന മീറ്റർ റീഡർമാരെ പിരിച്ചുവിട്ടതു നിയമവിരുദ്ധമായാണെന്നു യുഡിഎഫ് ആരോപിച്ചു.
എന്നാൽ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നു ഇടതുപക്ഷ അംഗങ്ങളും പറഞ്ഞു. യുഡിഎഫ് ഭരണ സമിതി 18 വാർഡുകളിൽ കുടുംബശ്രീ മുഖേന മീറ്റർ റീഡർമാരെ നിയമിച്ചിരുന്നു. എന്നാൽ എൽഡിഎഫ് അധികാരത്തിൽ വന്നയുടൻ നിലവിലുണ്ടായിരുന്നവരെ പിരിച്ചു വിടുകയായിരുന്നു. കാലാവധി തീരുംമുൻപാണ് ഇവരെ പിരിച്ചുവിട്ടതെന്നു യുഡിഎഫ് ആരോപിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബശ്രീ ജില്ലാമിഷനും സംസ്ഥാന മിഷനും പരാതി നൽകി. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണം ചോദിച്ചു കുടുംബശ്രീ മിഷനിൽ നിന്നുനൽകിയ കത്തുകൾക്കു മറുപടി നൽകാൻ പോലും ഭരണസമിതി തയാറായില്ലെന്നു പറയുന്നു. നിയമവിരുദ്ധ നടപടിക്ക് എതിരെ കോടതിയെ സമീപിക്കുമെന്നു യുഡിഎഫ് നേതാക്കൾ പറഞ്ഞു.
അതേസമയം കുടുബശ്രീ മുഖേനയാണു നിയമനം നടത്തുന്നതെന്നും മറിച്ചുള്ള ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും എൽഡിഎഫ് പ്രതികരിച്ചു.
വെള്ളക്കരം കൃത്യമായി പിരിക്കാനാണു പുതിയ റീഡർമാരെ നിയമിച്ചതെന്നു നേതാക്കൾ പറഞ്ഞു. യുഡിഎഫ് നേതാക്കളായ അർസൽ എരേരത്ത്, അസീസ് പച്ചീരി, സഹദ് അരിയൂർ, ആഷിഖ് വറോടൻ തുടങ്ങിയവർ പ്രതിഷേധത്തിനു നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ. സ്മിത, ലോക്കൽ സെക്രട്ടറി ഐലക്കര മുഹമ്മദാലി, ജി. സുരേഷ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എൽഡിഎഫ് പ്രതിരോധം തീർത്തത്. നിലവിലെ ഇടതു ഭരണസമിതി അധികാരത്തിൽ വന്നശേഷം വെള്ളക്കരം പിരിച്ചിരുന്നില്ല. മീറ്റർ റീഡർമാരുടെ നിയമനം നടക്കാത്തതായിരുന്നു പ്രതിസന്ധി.
Tags : nattu vishesham Verbal altercation ruling and opposition