വെട്ടയ്ക്കൽ പിഎച്ച്സി.
തുറവൂർ: തീരദേശ മേഖലയിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് ആശ്രയമായ വെട്ടയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രം ഗുരുതരമായ അവഗണനയിലൂടെയാണ് കടന്നുപോകുന്നത്. കടക്കരപ്പള്ളി, പട്ടണക്കാട് ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുടെ അടിസ്ഥാന ആരോഗ്യസംരക്ഷണ കേന്ദ്രമായ ഈ ചികിത്സാലയം, വർഷങ്ങളായി ജീർണാവസ്ഥയിൽ തുടരുകയാണ്.
കഴിഞ്ഞ അഞ്ചു വർഷമായി കിടത്തിച്ചികിത്സാ സൗകര്യങ്ങൾ പൂർണമായും നിലച്ചിരിക്കുകയാണ്. മുൻപ് ഉണ്ടായിരുന്ന പന്ത്രണ്ടോളം കിടക്കകൾ നിലവിൽ ഒന്നും ഉപയോഗയോഗ്യമല്ല. രേഖകളിൽ നാലു ഡോക്ടർമാർ സേവനമനുഷ്ഠിക്കുന്നതായി കാണിച്ചിട്ടുണ്ടെങ്കിലും പല ദിവസങ്ങളിലും ഒരാൾക്കെങ്കിലും സേവനം ലഭിക്കുന്നത് അപൂർവമാണ്.
നഴ്സുമാരുടെ എണ്ണം പരിമിതമായതും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. മരുന്നുകളുടെ ലഭ്യതയും ലാബോറട്ടറി സേവനങ്ങളും സ്ഥിരതയില്ലാത്ത നിലയിലാണ്. ലാബ് നിലവിലുണ്ടെങ്കിലും ആവശ്യമായ പരിശോധനകൾ ഇവിടെ തന്നെ നടത്താൻ സാധിക്കുന്നില്ല.
1975ൽ യഹൂദൻമാർ സംഭാവന ചെയ്ത കെട്ടിടത്തിലാണ് പ്രധാന ചികിത്സാപ്രവർത്തനങ്ങൾ നടക്കുന്നത്. പിന്നീട് നിർമിച്ച രണ്ടു കെട്ടിടങ്ങൾ ഇപ്പോഴും ഉപയോഗത്തിലേക്ക് കൊണ്ടുവന്നിട്ടില്ല. ചേർത്തലയുടെ പടിഞ്ഞാറൻ മേഖലയെ രണ്ടായി വിഭജിക്കുന്ന റെയിൽവേ പാതയാണ് മറ്റൊരു വലിയ വെല്ലുവിളി.
ട്രെയിൻ കടന്നുപോകുന്ന സമയങ്ങളിൽ ലെവൽ ക്രോസുകൾ അടയ്ക്കുന്നതോടെ അടിയന്തരഘട്ടത്തിൽ ആംബുലൻസുകൾ മണിക്കൂറുകൾ കുടുങ്ങുന്ന സാഹചര്യമുണ്ടാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ രോഗികൾക്ക് ഗുരുതരമായ പ്രതിസന്ധികൾ നേരിട്ട് മരണം വരെ ഉണ്ടായതായി നാട്ടുകാർ പറയുന്നു.
വെട്ടയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിലവാരവും പ്രവർത്തനവും മെച്ചപ്പെടുത്തുന്നത് തീരദേശ ജനതയുടെ ആരോഗ്യസുരക്ഷയ്ക്കു നിർണായകമാണെന്ന് ആരോഗ്യപ്രവർത്തകരും പ്രദേശവാസികളും ചൂണ്ടിക്കാണിക്കുന്നു.
അത്യാഹിത വിഭാഗം ആരംഭിക്കൽ, ആംബുലൻസ് സൗകര്യം ഉറപ്പാക്കൽ, ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം വർധിപ്പിക്കൽ, ലാബ് സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ എന്നിവ നടപ്പാക്കിയാൽ വലിയൊരു ജനവിഭാഗത്തിന്റെ ജീവൻ രക്ഷിക്കാനാകും. ഇതിന് ബന്ധപ്പെട്ട അധികൃതരുടെ അടിയന്തരവും കാര്യക്ഷമവുമായ ഇടപെടൽ അനിവാര്യമാണെന്ന ആവശ്യം ശക്തമാകുകയാണ്.
Tags : PHC NattuVishasham DistrictNews