പ്രതീകാത്മക ചിത്രം
തൃശൂർ: വിജിലൻസിന്റെ പ്രോജക്ട് സീറോ സംസ്ഥാനതല മിന്നൽ പരിശോധനയുടെ ഭാഗമായി ജില്ലയിലെ അഞ്ചു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിജിലൻസ് റെയ്ഡ്.
ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ തൃശൂർ കോർപറേഷൻ, കുന്നംകുളം, കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റികൾ, ചേർപ്പ്, തളിക്കുളം ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ കെട്ടിടനിർമാണ വിഭാഗത്തിലായിരുന്നു പരിശോധന. കെട്ടിട നിർമാണ അനുമതി, ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കൽ, കെട്ടിട നന്പർ അനുവദിക്കൽ, കെട്ടിടനികുതി നിർണയം, അനധികൃത നിർമാണങ്ങളുടെ ക്രമവത്കരണം തുടങ്ങിയവയാണു പരിശോധിച്ചത്. ഇന്നലെ രാവിലെ പത്തരയ്ക്ക് ആരംഭിച്ച റെയ്ഡ് മണിക്കൂറുകൾ നീണ്ടു.
സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിടനിർമാണാനുമതി നൽകുന്നു മുതലുള്ള നടപടിക്രമങ്ങളിൽ വ്യാപക അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായി വിജിലൻസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആറു മുനിസിപ്പൽ കോർപറേഷനുകളിലും തെരഞ്ഞെടുത്ത 30 മുനിസിപ്പാലിറ്റികളിലും 24 ഗ്രാമപഞ്ചായത്തുകളിലുമായി 68 ഓഫീസുകളിലാണ് ഇന്നലെ ഒരേസമയം പരിശോധന നടത്തിയത്.