അറസ്റ്റിലായ പ്രതികൾ
വിഴിഞ്ഞം: ഇസ്രായേലിലേക്കു വീസ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് തമിഴ്നാട് സ്വദേശികളെ വിഴിഞ്ഞം പൊലിസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് തഞ്ചാവൂർ പേരാവുറാണി പൊൻകാട് ആനന്ദവള്ളി വയ്യൽ സൗത്ത് സ്ട്രീറ്റിൽ ആരോഗ്യ സ്റ്റീഫൻ (38), ട്രിച്ചി നേരിയമംഗലം കാമരാജ് നഗറിൽ മുഹമ്മദലി സ്ട്രീറ്റിൽ മുഹമ്മദ് അബ്ബാസ് (49)എന്നിവരെയാണ് വിഴിഞ്ഞം സിഐ ഹേമന്ദ് കുമാർ, എസ്ഐ പ്രശാന്ത്, സീനിയർ സിവിൽ പൊലിസ് ഓഫിസർ വിനയകുമാർ, സിവിൽ പൊലിസ് ഓഫിസർമാരായ റെജിൻ, ആദർശ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. വിഴിഞ്ഞം അടിമലത്തുറ സ്വദേശികളായ ജോസ്, പൗലോസ് എന്നിവരിൽ നിന്നായി പത്ത് ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയെടുത്തത്.
തമിഴ്നാട്ടിൽ ട്രാവൽ ഏജന്റ്സി നടത്തുന്ന സംഘത്തെ ജോസിന്റെ ബന്ധു മുഖാന്തിരമാണ് പരിചയപ്പെട്ടത്. തുടർന്ന് ഇസ്രായേലിലേക്ക് വീസ വാഗ്ദാനം ചെയ്ത് വിവിധ ബാങ്കുകൾ വഴി സംഘം പണം സ്വീകരിക്കുകയായിരുന്നു. തുടർന്നു തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് വിമാനടിക്കറ്റുകളും തരപ്പെടുത്തിനൽകി. ഡൽഹിയിൽ എത്തിയാലുടൻ ഇസ്രായേലിലേക്ക് പോകാനുള്ള വീസയും എയർ ടിക്കറ്റുമായി ആളെത്തുമെന്നും സംഘം ഉറപ്പുനൽകിയിരുന്നു. എന്നാൽ ഡൽഹിയിൽ എത്തിയ ജോസിനെയും പൗലോസിനെയും തേടി ആരുമെത്തിയില്ല. കബളിപ്പിക്കപ്പെട്ടെന്നു മനസിലാക്കിയ ഇവർ രണ്ട് ദിവസം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു.
തമിഴ്നാട്ടിലെ പത്തോളം കേസുകളിലെ പ്രതികളാണ് ആരോഗ്യസ്റ്റീഫനും മുഹമ്മദ് അബ്ബാസും. വിഴിഞ്ഞത്തെത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Tags : Visa fraud