പ്രതീകാത്മക ചിത്രം
വണ്ടൂര്‍: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ യുവതിക്കു നേരേ ലൈംഗികാതിക്രമം. കഴിഞ്ഞ ദിവസം രാത്രി രാത്രി 7.30ഓടെ പന്തളം-തിരുവനന്തപുരം റൂട്ടില്‍ കാരേറ്റ് ഭാഗത്ത് എത്തിയപ്പോഴാണ് യുവതിക്കു നേരേ അതിക്രമമുണ്ടായത്. യുവതിയുടെ സമീപത്തായി സീറ്റിലിരുന്ന വണ്ടൂര്‍ കാട്ടുമുണ്ട സ്വദേശി പി. ഷാനവാസിനെതിരേ പൊലിസ് കേസെടുത്തു.
ഉപദ്രവം സഹിക്കവയ്യാതെ വന്നതോടെ യുവതി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകല്ത്തി. തുടര്‍ന്ന് കണ്ടക്ടറെ വിവരമറിയിക്കുകയും യുവതിയുടെ ആവശ്യപ്രകാരം ബസ് വട്ടപ്പാറ പൊലിസ് സ്റ്റേഷനില്‍ എത്തിക്കുകയും കണ്ടക്ടറും മറ്റു യാത്രക്കാരും ചേര്‍ന്ന് ഷാനവാസിനെ പൊലിസിന് കൈമാറുകയുമായിരുന്നു.
അതിക്രമത്തിന്റെ ദൃശ്യങ്ങളും യുവതി പൊലിസിന് കൈമാറി. തന്നെ ഉടന്‍ തന്നെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ സ്റ്റേഷനില്‍ പരാക്രമം കാട്ടി.
കേസെടുത്ത പൊലിസ് പ്രതിയെ വെഞ്ഞാറമൂട് പൊലിസിന് കൈമാറി. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. തിരുവനന്തപുരത്തുള്ള റെസ്റ്ററന്റില്‍ പാചകക്കാരനാണ് ഷാനവാസ്.