ചാവക്കാട് എംആർആർഎം ഹയർ സെക്കൻഡറി സ്കൂളിൽ വോട്ടുചെയ്യാൻ എത്തിയവരുടെ ക്യൂ.
ചാഴൂർ: പഞ്ചായത്ത് ആലപ്പാട് ജിഎൽപി സ്കൂളിൽ അഞ്ചാം വാർഡ് ബൂത്ത് ഒന്നിൽ രാവിലെ രണ്ടുതവണ വോട്ടിംഗ് യന്ത്രം തകരാറിലായി. മൂന്നാം വാർഡ് ബൂത്ത് ഒന്നിലും യന്ത്രതകരാർ സംഭവിച്ചു. അൽപസമയം വോട്ടിംഗ് തടസപ്പെട്ടു. ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ചു.
എരുമപ്പെട്ടി: പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ വോ ട്ടിംഗ് യന്ത്രം തകരാറിലായി. പലയിടങ്ങളിലും ഒരു മണിക്കൂർ സമയംവരെ വോട്ടെടുപ്പ് നിർത്തിവയ്ക്കേണ്ടിവന്നു. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 19-ാം വാർഡ് ബൂത്ത് ഒന്നിൽ രാവിലെ ഏഴിന് ആദ്യവോട്ട് രേഖപ്പെടുത്തിയപ്പോഴാണു യന്ത്രതകരാർ സംഭവിച്ചത്.
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണു യന്ത്രത്തകരാർ പരിഹരിച്ചത്. രാവിലെ എട്ടോടെ വോട്ടെടുപ്പു പുനരാരംഭിച്ചു. വാർഡ് 16 ആറ്റത്ര എൽപി സ്കൂളിലെ ബൂത്ത് ഒന്നിൽ വോട്ടെടുപ്പ് ആരംഭിച്ചയുടൻ യന്ത്രം തകരാറിലായി. ഏഴരയോടെ യന്ത്രത്തകരാർ പരിഹരിച്ചു.
എരുമപ്പെട്ടി കോട്ടപ്പുറം വാർഡ് 17 മഹിളാസമാജം അങ്കണവാടിയിലെ ബൂത്തിൽ രാവിലെ ഏഴിനുതന്നെ യന്ത്രം തകരാറിലായി. ഏഴരയോടെ തകരാർ പരിഹരിച്ചു.
ചേർപ്പ്: ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡിലെ പൂത്തറയ്ക്കൽ സെന്റ് റോക്കീസ് എൽപി സ്കൂളിലെ വോട്ടിംഗ് കേന്ദ്രത്തിൽ ഇന്നലെ രാവിലെ യന്ത്രത്തകരാർ മൂലം അല്പസമയം വോട്ടിംഗ് മുടങ്ങി.
ജില്ലാ പഞ്ചായത്ത് ചേർപ്പ് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി സി.എസ്. സംഗീതിന്റെ വോട്ടിംഗ് ബട്ടൻ നിലയ്ക്കുകയും ചെയ്തു. ഉദ്യോഗസ്ഥരെത്തി യന്ത്രത്തകരാർ പരിഹരിച്ചു.
ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡ് പനംങ്കുളം ജിഎംഎൽപി സ്കൂളിലെ പോളിംഗ് ബൂത്തിലും വോട്ടിംഗ് യന്ത്രത്തിനുതകരാർ സംഭവിച്ചു.
വോട്ടിംഗ് യന്ത്രങ്ങൾ ക്രമംമാറി
സ്ഥാപിച്ചതായി പരാതി
എരുമപ്പെട്ടി: പഞ്ചായത്തിലെ 19-ാം വാർഡിലെ ബൂത്ത് രണ്ടിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശത്തിനു വിരുദ്ധമായി വോട്ടിംഗ് യന്ത്രങ്ങൾ സ്ഥാപിച്ചതായി പരാതി. കരിയന്നൂർ മദ്രസയിലെ ബൂത്തിലാണ് ക്രമംതെറ്റിച്ച് വോട്ടിംഗ് യന്ത്രം സ്ഥാപിച്ചത്. വോട്ടർ കടന്നുചെല്ലുന്ന ഭാഗത്തുനിന്ന് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് വോട്ടിംഗ് യന്ത്രം സ്ഥാപിക്കേണ്ടത്. എന്നാൽ ഇതിനു വിപരീതമായി ആദ്യം ജില്ലാ പഞ്ചായത്തും പിന്നീട് ബ്ലോക്ക് പഞ്ചായത്തും ഇതിനുശേഷം ഗ്രാമപഞ്ചായത്തും എന്ന തരത്തിലാണ് മെഷീൻ സ്ഥാപിച്ചത്.
ഉച്ചതിരിഞ്ഞ് ഒന്നോടെയാണ് ഇത് യുഡിഎഫ് സ്ഥാനാർഥി എൻ.കെ. കബീറിന്റെ ശ്രദ്ധയിൽപ്പെട്ടത്. പ്രിസൈഡിംഗ് ഓഫീസറോട് ക്രമത്തിൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഓഫീസർ അതിനു തയാറായില്ല. തുടർന്ന് റിട്ടേണിംഗ് ഓഫീസർക്ക് കബീർ പരാതി നൽകി. ഇതേത്തുടർന്ന് രണ്ടോടെ വോട്ടിംഗ് യന്ത്രങ്ങൾ ക്രമപ്രകാരം സ്ഥാപിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പു കമ്മീഷനും എൻ.കെ. കബീർ പരാതി നൽകിയിട്ടുണ്ട്. സിപിഎമ്മുമായി ചേർന്ന് തെരഞ്ഞടുപ്പ് അട്ടിമറിക്കാൻ പ്രിസൈഡിംഗ് ഓഫീസർ ശ്രമിച്ചതായി യുഡിഎഫ് ആരോപിച്ചു.
പ്രശ്നബാധിതം; ഒരിടത്തും പ്രശ്നമില്ല
ചാവക്കാട്: സ്റ്റേഷൻ പരിധിയിൽ 17 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണെന്നും അതിൽ ആറെണ്ണം അതീവ പ്രശ്ന ബൂത്തുകളാണെന്ന റിപ്പോർട്ടിനെ തുടർന്ന് പോളിംഗ് അതിസുരക്ഷയിലായിരുന്നു.
200 പോലീസുകാരാണ് അധികമായി എത്തിയിരുന്നത്. ഒരു ബൂത്തിലും പ്രശ്നങ്ങളില്ലായിരുന്നു. എല്ലാം ശാന്തമായി നടന്നു. ചാവക്കാട് മേഖലയിൽ പണ്ട് ചില അക്രമങ്ങൾ നടന്നതിനാൽ പഴയ രേഖ പരിശോധിച്ച് പ്രശ്നബാധിതം എന്ന് ആവർത്തി ക്കുകയാണ്. രാഷ്ട്രീയം മറന്ന് പല ബൂത്തുകളിലും സ്ഥാനാർഥികൾ സൗഹൃദ സംഭാഷണത്തിലിരുന്ന മനോഹര കാഴ്ചയാണ് വോട്ടർമാർക്കു കാണാൻ കഴിഞ്ഞത്.
Tags : Voting machines nattuvisesham local news