മൂവാറ്റുപുഴ: ലോകകപ്പ് ഒരുമിച്ചിരുന്ന് കാണാൻ ടൗണ്‍ ഹാള്‍ ഗ്രൗണ്ടിലെ സ്റ്റേജിന് 120 സ്ക്വയര്‍ ഫീറ്റ് വലുപ്പമുള്ള എല്‍ഇഡി സ്ക്രീനിനൊപ്പം നാലായിരം സ്ക്വയര്‍ ഫീറ്റ് പന്തലും അഞ്ഞൂറ് പേര്‍ക്കുള്ള ഇരിപ്പിടവും ഒരുക്കി മൂവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്.
നഗരസഭയുടെ സഹകരണത്തോടെ സജ്ജമാക്കിയ വേദിയിൽ ലോകകപ്പ് അവസാനിക്കും വരെ കളികാണുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ക്ലബ് പ്രസിഡന്റ് എല്‍ദോ ബാബു വട്ടക്കാവന്, സെക്രട്ടറി സാബു പി. വാഴയില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ലോക കപ്പ് മത്സരത്തിന്റെ ആവേശം എല്ലാ മേഖലകളിലും ഉയര്‍ത്തുവാന്‍ മൂവാറ്റുപുഴയുടെ വിവിധ മേഖലകളില്‍ ഫുട്ബോള്‍ സൗഹൃദ മത്സരങ്ങള്‍ സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം കടാതി കളിക്കൂട് ടര്‍ഫില്‍ നഗരസഭാ കൗണ്‍സിലേഴ്സും പായിപ്ര പഞ്ചായത്തംഗങ്ങളും തമ്മില്‍ നടന്ന മത്സരത്തില്‍ നഗരസഭാ കൗണ്‍സില്‍ ടീം വിജയിച്ചു.
ഫിഫ മാനദണ്ഡ പ്രകാരം പണിതുകൊണ്ടിരിക്കുന്ന മൂവാറ്റുപുഴ നഗരസഭാ സ്റ്റേഡിയം മികച്ച ഫുട്ബോള്‍ സ്റ്റേഡിയമായി മാറുമ്പോള്‍ മൂവാറ്റുപുഴയിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങൾ ഒരുക്കുകയും പുതിയ തലമുറയെ ഫുട്ബോളിലേക്ക് ആകര്‍ഷിക്കുകയുമാണ് ലക്ഷ്യമെന്ന് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.
Tags : Local News Nattuvishesham Ernakulam