മാറാടി പാറമടകളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കുന്നു.
മൂവാറ്റുപുഴ: കനത്ത മഴയില്‍ മാറാടി പാറമടകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം അപകട രഹിതമായ മാര്‍ഗത്തിലൂടെ പുഴയിലേക്ക് ഒഴുക്കി വിടാൻ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഹസാര്‍ഡ് അനലിസ്റ്റടക്കമുള്ള ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. ഹസാര്‍ഡ് ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയിരുന്നു. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ഇന്ന് കളക്ടര്‍ക്ക് കൈമാറും. പാറമടകളിലെ വെള്ളം പുഴയിലേക്ക് ഒഴുക്കിവിടുന്നതിന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കരുതല്‍ ധനം ഉപയോഗിക്കാനാണ് നീക്കം.
കയനാട് പ്രദേശത്ത് അടുത്തിടെ മണ്ണിടിച്ചില്‍ ഉണ്ടായ പശ്ചാത്തലത്തില്‍ അവിടെയും സംഘം പരിശോധന നടത്തി. മൂവാറ്റുപുഴ ആര്‍ഡിഒ അബ്ബാസ്, ഹസാര്‍ഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്, ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ കൃഷ്ണപ്രിയ, തഹസില്‍ദാര്‍ ബി. അഖിലേഷ് എന്നിവരടങ്ങുന്ന സംഘം മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളും സമീപത്തെ അപകട സാധ്യതയുള്ള മേഖലകളും നേരിട്ട് വിലയിരുത്തി. പ്രദേശവാസികളുടെ ആശങ്കകള്‍ കേട്ട ശേഷം അടിയന്തര സുരക്ഷാ നടപടികളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
പാറമടകളിലെ വെള്ളം പ്രകൃതി ദുരന്തത്തിലൂടെ പുറത്തേക്ക് ഒഴുകിയെത്തിയാല്‍ ഒരു പ്രദേശം മുഴുവന്‍ തകര്‍ന്നേക്കുമെന്ന ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്. ഈ ഗൗരവം കളക്ടറെ ബോധ്യപ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇടപെടല്‍ നടത്തിയത്. നിലവില്‍ പാറമടകളിലേക്കുള്ള വഴികള്‍ അടച്ച് സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ദുരന്ത സാധ്യത കണക്കിലെടുത്താണ് വെള്ളം ഉടന്‍ ഒഴുക്കിക്കളയാന്‍ തീരുമാനിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണനൊപ്പം മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഷാന്റി ഏബ്രഹാം, തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ്, മാറാടി വൈസ് പ്രസിഡന്റ് സാജു കുന്നപ്പിള്ളി, പഞ്ചായത്ത് സെക്രട്ടറി ലിജോ ജോണ്‍, ബ്ലോക്ക് മെമ്പര്‍മാരായ സാബു ജോണ്‍,ജെയ്സ് ജോണ്‍, വാര്‍ഡംഗങ്ങളായ രമ രമകൃഷ്ണന്, ബിന്ദു ബേബി, ജനപ്രതിനിധികള്‍, യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായം ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുമെന്നും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സംഘം വ്യക്തമാക്കി.
Tags : Nattuvishesham DistrictNews DeepikaNews river.